Thursday 16 November 2017

ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നെ എസ്ഐ സ്വീകരിച്ചതിങ്ങനെയെന്ന് യുവതി

ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നെ എസ്ഐ സ്വീകരിച്ചതിങ്ങനെയെന്ന് യുവതി
പോലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് യുവതി രംഗത്ത്. തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നെ, എസ്‌ഐ ലൈംഗികച്ചുവയുള്ള വാക്കുകളോടെയാണ് സ്വീകരിച്ചതെന്നും യുവതി റിപ്പോര്‍ട്ടറോട് പറഞ്ഞു. തന്നെ കടന്നുപിടിക്കാന്‍ വന്ന മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിലെത്തിയപ്പോള്‍ പണം വേണോ എന്ന് എസ്‌ഐ ചോദിച്ചു. ‘പണം മാത്രമല്ല സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര്’ എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണമെന്നും യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് രോഗിയായ ഭര്‍ത്താവിനെ പൊലീസ് ആക്രമിച്ച് ആശുപത്രിയിലാക്കിയെന്നും യുവതി റിപ്പോര്‍ട്ടറോട് പറഞ്ഞു. പിന്നീട് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെന്നും, രണ്ട് ദിവസം ഐസിയുവിലായിരുന്നെന്നും യുവതി റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി. പൊലീസില്‍ നിന്ന് ഉണ്ടാകുന്ന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ മാത്രമേ മുന്നില്‍ വഴിയുള്ളൂവെന്നും ഇരുവരും പറയുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് ജോളിയും റജിയും. നാളെ ഏഴ് മണിക്ക് മുന്‍പ് ജീവനൊടുക്കുമെന്ന ജോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് നയിച്ചത്. അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയും തങ്ങള്‍ ആശുപത്രിയിലാക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണി റിപ്പോര്‍ട്ടറോട് പറഞ്ഞത്.
തുടര്‍ന്ന് അവശനായ റജിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും ഗുരുതരമായതിനെ തുടര്‍ന്ന് എസ്‌ഐ തന്നെ ഏര്‍പ്പാട് ചെയ്ത ആംബുലന്‍സില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ജോളി പറഞ്ഞു. രണ്ട് ദിവസം ഐസിയുവിലായിരുന്ന റജിയെ ഞായറാഴ്ചയാണ് വാര്‍ഡിലേക്ക് മാറ്റിയത്. പാവപ്പെട്ടവരായ തങ്ങള്‍ക്ക് ഡിസ്ചാര്‍ജിനുള്ള പണം പോലും സ്വന്തമായില്ലെന്നും ജോളി പറയുന്നു. സഹായത്തിനായി എസ്‌ഐയെ വിളിച്ചപ്പോള്‍, എന്ത് ചെയ്താലും കുഴപ്പമില്ലെന്നായിരുന്നു എസ്‌ഐയുടെ പ്രതികരണം. പരാതിയുമായി പോയാല്‍ ഭര്‍ത്താവിനെ പുറം ലോകം കാണിക്കില്ലെന്നും, തന്റെ ജീവിതം പിന്നെ അയാളാകും തീരുമാനിക്കുന്നതെന്നും എസ്‌ഐ പറഞ്ഞെന്നും യുവതി പറയുന്നു. ആര്‍ക്ക് പരാതി കൊടുത്താലും, പിണറായി വിജയന്‍ ഇടപെട്ടാലും തനിക്കൊരു പ്രശ്‌നവുമില്ലെന്നും എസ്‌ഐ വെല്ലുവിളി മുഴക്കിയെന്നും ജോളി പറഞ്ഞു. ഇന്റിമേഷന്‍ കൊടുത്തിട്ടും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിവരെ വിഷയത്തില്‍ പോലീസ് അന്വേഷിച്ചിട്ടില്ലെന്നും യുവതി പറയുന്നു.
പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എസ്‌ഐയ്‌ക്കെതിരെയും, മൊബൈല്‍ ഷോപ്പുകാരനെതിരെയും നടപടിയെടുക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. ഭര്‍ത്താവും താനും സിപിഐഎം പ്രവര്‍ത്തകരാണ്. എല്‍ഡിഎഫ് അധികാരത്തിലെത്താന്‍ താനും ഭര്‍ത്താവും കഷ്ടപ്പെട്ടിട്ടുണ്ടെന്നും, ഭരണം ലഭിച്ചപ്പോള്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് ഇങ്ങനെയാണ് ലഭിക്കുന്നതെന്നും ഇരുവരും പറയുന്നു. നീതി ലഭിക്കേണ്ട പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും ജോളി പറഞ്ഞു. പെണ്ണിന്റെ മാനത്തിന് വിലപറയുന്ന നീതിപാലകന്മാര്‍ സര്‍വീസിലുണ്ടാകരുതെന്നും ജോളി ആവശ്യപ്പെടുന്നു.
ജോളിയുടെ പരാതി താന്‍ കേട്ടുകൊണ്ടിരിക്കെ ഭര്‍ത്താവ് നീതി വേണമെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി റിപ്പോര്‍ട്ടറോട് പ്രതികരിച്ചത്. ഇയാള്‍ക്ക് ന്യൂറോ സര്‍ജറി കഴിഞ്ഞിരുന്നുവെന്നതിനാല്‍, പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോലഞ്ചേരി ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലന്‍സ് താനാണ് ഏര്‍പ്പാട് ചെയ്തുകൊടുത്തതെന്നും എസ്‌ഐ പറയുന്നു. ജോളി പരാതി വാക്കാല്‍ പറഞ്ഞിരുന്നു, എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അപ്പോളായിരുന്നു നീതി വേണം എന്ന് ആക്രോശിച്ചുകൊണ്ട് ഭര്‍ത്താവ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയതെന്നും ജോബിന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ക്ക് പരാതി നല്‍കാനായില്ലെന്നും, ഇതിനാല്‍ കേസെടുത്തിട്ടില്ലെന്നും ജോബിന്‍ വ്യക്തമാക്കി.അതേസമയം യുവതി ആത്മഹത്യാ ഭീഷണി ഫെയ്‌സ്ബുക്കിലൂടെ മുഴക്കിയതിനാല്‍, കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പൊലീസിനെ അയച്ചതായി പുത്തന്‍കുരിശ് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് നിരീക്ഷണത്തിന് പൊലീസിനെ അയച്ചതെന്നും പൊലീസ് വ്യക്തമാക്കി.
വടക്കാഞ്ചേരിയില്‍ സിപിഐഎം പ്രാദേശിക നേതാവുള്‍പ്പെടെയുള്ള പ്രമുഖര്‍ പീഡിപ്പിച്ചുവെന്ന് ആരോപണവുമായി രംഗത്തെത്തിയ സ്ത്രീയും പൊലീസിന്റെ പരാതിക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. ആര് പീഡിപ്പിച്ചപ്പോളാണ് കൂടുതല്‍ സുഖിച്ചത് എന്നും, വലുപ്പത്തിന്റെ വിശദാംശങ്ങളുമാണ് ചോദിച്ചത് എന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ പ്രധാന വാര്‍ത്തയായ ഈ സംഭവം കേരളാ പൊലീസിന് വലിയ കളങ്കമാണ് ഏല്‍പ്പിച്ചത്. സംഭവത്തില്‍ ആരോപണവിധേയനായ സിഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൊടുപുഴ എസ്‌ഐയ്ക്ക് നേരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്.


No comments:

Post a Comment