Friday, 3 November 2017

കാമുകിയുടെ കന്യകാത്വത്തിൽ സംശയം തോന്നിയ കാമുകന് അവൾ കൊടുത്ത മറുപടി ഒരാണിനും സഹിക്കാൻ കഴിയാത്തത്‌!

“മൃദുലാ… ആർ യൂ എ വിർജിൻ. ? ഒരു ന്യൂ ജെനറേഷൻ സിനിമ കണ്ടതിന്റെ ഹാങ്ങോവറിൽ ആയിരുന്നു അല്പസ്വല്പം ന്യൂ ജെനറേഷൻ സ്വഭാവങ്ങളൊക്കെയുള്ള അവളോടാ ചോദ്യം ചോദിച്ചത്. അതുവരെ കളിച്ചു ചിരിച്ചു സംസാരിച്ചിരുന്ന അവളുടെ ഞെട്ടൽ.
“എന്താ ചോദിച്ചത്. ?” എന്നൊരു ചോദ്യമായി പുറത്തു വന്നപ്പോൾ ആ ശബ്ദത്തിൽ നിന്ന് തന്നെ അപകടം തിരിച്ചറിഞ്ഞ ഞാൻ
“ഏയ്‌… ഒന്നുമില്ല വെറുതെ ചോദിച്ചതാണ് ” എന്ന് പറഞ്ഞു വരുമ്പോഴേക്കും അങ്ങേത്തലയ്ക്കൽ ഫോൺ കട്ടായി… വീണ്ടും ട്രൈ ചെയ്തു നോക്കിയെങ്കിലും അവൾ ഫോൺ എടുത്തില്ല…
അല്പനേരത്തിനുള്ളിൽ തന്നെ അവൾ ഫോൺ സ്വിച്ചോഫ് ചെയ്യുകയും ചെയ്തു. ശെടാ… ഈ പെണ്ണുങ്ങളൊക്കെ എന്താ ഇങ്ങനെ. അല്ലേലും ഞാൻ എന്താ പ്പൊ അതിനുമാത്രം വലിയ അപരാധം ചെയ്തത്. ഇതുവരെ പരസ്ത്രീ ബന്ധം പുലർത്തുകയോ സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്യാത്ത കന്യകനായ ഒരു യുവാവിന് സ്വന്തം കാമുകി പരിശുദ്ധയാണോ അല്ലേ എന്നറിയാനുള്ള സ്വാതന്ത്ര്യം പോലും ഇന്നാട്ടിൽ ഇല്ലേ.
പ്രണയം തുടങ്ങി ഇത്ര നാളായിട്ടും അവളോടു പോലും ഇതുവരെ മോശമായി പെരുമാറുകയോ മറ്റെന്തെങ്കിലും വിചാരത്തോടുകൂടി സ്പർശിക്കുകയോ ചെയ്തിട്ടില്ല. വേണമെങ്കിൽ അവളെ പറഞ്ഞു മയക്കി വല്ല ഹോട്ടൽമുറിയിലും കൊണ്ടുപോയി സ്വയം പരീക്ഷിച്ചറിയാമായിരുന്നില്ലേ. അതൊന്നും ചെയ്തില്ലല്ലോ. ജസ്റ്റ് ചോദിച്ചു എന്നല്ലേ ഉള്ളൂ. എന്നൊക്കെ ഓർത്ത്‌ തല പുകച്ചിരിക്കുന്നതിനിടയിലാണ് അമ്മ ചായയും കൊണ്ട് വന്നത്.

“എന്തായി മോനേ ആ പെണ്ണിന്റെ കാര്യം.. ഞാനും അപ്പച്ചനുംകൂടി അവളുടെ വീടുവരെ ഒന്ന് പോയി നോക്കിയാലോ ” ചായ മേശപ്പുറത്തു വെക്കുന്നതിനിടയിൽ അമ്മ മൃദുലയുടെ കാര്യം എടുത്തിട്ടപ്പോൾ ശരിക്കും ദേഷ്യം വന്നതാണ്. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ. “ആയിട്ടില്ലമ്മേ… രണ്ടുദിവസം കഴിയട്ടെ… ഞാൻ പറയാം എന്നിട്ട് പോയാൽ മതി ” എന്ന് പറഞ്ഞു.
എന്നാ നീയാ കൊച്ചിന്റെ ഫോട്ടോ ഒന്നൂടെ അമ്മക്ക് കാണിച്ചു താടാ” എന്ന് പറഞ്ഞപ്പോൾ ഫോൺ എടുത്ത് അൺലോക്ക്ചെ യ്തു ഗാലറിയിൽ പോയി അവളുടെ ഫോട്ടോസ് ഓപ്പൺ ചെയ്തു അമ്മയുടെ കയ്യിൽ കൊടുത്ത് ചായ കുടിക്കാൻ തുടങ്ങി. “കൊച്ചിന്റെ മൂക്കുത്തി കൊള്ളാം കേട്ടോ… ണ്ട് ഞാൻ നിന്റെ അപ്പച്ചനോട് മൂക്കുത്തിക്ക് വേണ്ടി കുറേ വഴക്കിട്ടതാണ് അങ്ങേര് അത് കേട്ട ഭാവം നടിച്ചില്ല. ഇപ്പൊ നിന്നോട് പറഞ്ഞാൽ നീ ചിലപ്പോൾ വാങ്ങിത്തരും. പക്ഷേ അമ്മച്ചിക്ക് മൂക്ക് കുത്തി നടക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞുപോയില്ലേടാ. തൽക്കാലം ഒരു മൂക്കുത്തിക്കാരി മരുമകളെയെങ്കിലും കിട്ടിയല്ലോ… അത് മതി അമ്മക്ക്‌ ” എന്നൊക്കെ എന്റെ മറുപടിക്ക് പ്രതീക്ഷിക്കാതെ അമ്മ പറയുന്നതും നോക്കി ഞാൻ ചായ കുടി തുടർന്നു.

“അല്ലേലും ഇന്നത്തെ പെൺപിള്ളേരൊക്കെ ഭാഗ്യം ചെയ്തവരാണ് ” അമ്മ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു ആ മുഖത്ത് നിഴലിച്ചു നിന്നിരുന്ന നിരാശ. അല്ലേലും ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കി ജീവിക്കേണ്ടി വന്നതിനാലാവാം അമ്മക്ക് ഈ ന്യൂ ജെനറേഷൻ പെൺപിള്ളാരോട് ഒടുക്കത്തെ ആരാധനയാണ്.
അതുകൊണ്ട് തന്നെയാണ് മൃദുലയെപ്പോലെ തലതെറിച്ച ഒരുത്തിയെ പ്രണയിക്കാൻ തീരുമാനിച്ചതും. അവളുടെ ഡ്രസ്സും നടപ്പും ആഴ്ചയിൽ മാറിക്കൊണ്ടിരിക്കുന്ന ഹെയർസ്‌റ്റൈലും ഒന്നുമല്ല എന്നെ ആകർഷിച്ചത്. ആ നീണ്ടു കൂർത്ത ഗോതമ്പു നിറമുള്ള മൂക്കിൻ തുമ്പത്തെ നീല കല്ല് വച്ച മൂക്കുത്തി ആയിരുന്നു.

ആദ്യം കണ്ട നാൾ മുതൽ അവളാണ് എന്റെ പെണ്ണ് എന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. കാത്തു കാത്തിരുന്നു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണപ്പന്തലിൽ വച്ചു യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ അവസരം മുതലെടുത്തു മനസ്സിലുള്ളത് അവതരിപ്പിക്കുകയും ചെയ്തു.

“ഏതായാലും തന്റെ നമ്പർ തായോ… ഞാനൊന്ന് ആലോചിച്ചിട്ട് പറയാം ” എന്നായിരുന്നു അവളുടെ മറുപടി. രണ്ടു ദിവസം കഴിഞ്ഞു ഫേസ്ബുക്കിൽ ഒരു മെസേജ് കണ്ടു നോക്കിയപ്പോൾ അത് അവളായിരുന്നു.
“ആദ്യം നമുക്കൊന്ന് പരിചയപ്പെടാം… എന്നിട്ട് പോരെ മാഷേ പ്രണയമൊക്കെ. പിന്നെ എനിക്ക് പറ്റില്ല എന്ന് തോന്നിയാൽ ഞാൻ ഇട്ടിട്ടു പോകും.. അന്നേരം തേപ്പുകാരി എന്നൊന്നും വിളിക്കാൻ വന്നേക്കരുത് ” എന്നായിരുന്നു മെസേജ്.
പിന്നീടതൊരു മുട്ടൻ പ്രണയമായി വളർന്നു. അതിനിടയിൽ അവളുടെ ഫ്രണ്ട്സ് ഭൂരിഭാഗവും ആൺകുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ അസ്വാഭാവികത ഒന്നും തോന്നിയില്ല. പക്ഷേ പ്രണയത്തിന്റെ അടുത്ത സ്റ്റെപ്പ് ആയ വിവാഹത്തിലേക്ക് കടക്കാൻ നേരത്ത് മനസ്സിൽ വല്ലാത്തൊരു ഭയം. നാളെപ്പിറ്റേന്ന് ഏതെങ്കിലും ഒരുത്തൻ വന്നിട്ട് “നിന്റെ ഭാര്യയെ ഞാൻ കുറേ കാലം കൊണ്ടുനടന്നതാണ് ” എന്നെങ്ങാനും പറഞ്ഞാൽ അതോടെ തീർന്നില്ലേ എല്ലാം. ഓരോന്നോർത്ത് തലയ്ക്കു ഭ്രാന്ത്‌ പിടിച്ചപ്പോൾ അവളെ ഒന്നുകൂടി വിളിച്ചു നോക്കിയെങ്കിലും അപ്പോഴും ഫോൺ സ്വിച്ചോഫ് ആയിരുന്നു.

പിറ്റേന്നും അതിന്റെ പിറ്റേന്നും അവളെ വിളിച്ചിട്ട് കിട്ടിയില്ല. അവളുടെ ഫ്രണ്ട്സിനെ വിളിച്ചു നോക്കിയപ്പോൾ അവർക്കും അറിയില്ലെന്നായിരുന്നു മറുപടി. അപ്പോഴേക്കും അവൾ കന്യകയാണോ അല്ലേ എന്നറിയാഞ്ഞിട്ടുള്ള ആധിയൊക്കെ മാറി അവളെ ഒന്നു കണ്ടാൽ മതിയായിരുന്നു ആ ശബ്ദം ഒന്നു കേട്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിത്തുടങ്ങി.

രണ്ടുമൂന്ന് ദിവസത്തിനു ശേഷം പത്തുമണി കഴിഞ്ഞു മൂട്ടിൽ വെയിലടിച്ചിട്ടും മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സമയത്താണ് ഫോൺ റിംഗ് ചെയ്തത്. എടുത്ത് നോക്കിയപ്പോൾ അവളായിരുന്നു. “ഇത്രേം ദിവസം നീ ഫോണും സിച്ചോഫ് ചെയ്തു വച്ചിട്ട് എവിടെപ്പോയതായിരുന്നു കോപ്പേ ” വായിൽ വന്നത് നല്ല മുട്ടൻ തെറി ആയിരുന്നെങ്കിലും തൽക്കാലം അൽപ്പം ശബ്ദം കൂട്ടി ദേഷ്യം പ്രകടിപ്പിച്ചു.
“നീ അത്യാവശ്യമായി ഒന്ന് ടൗൺ വരെ വരണം… നമ്മള് സ്ഥിരം കാണാറുള്ള കോഫീഷോപ്പിലുണ്ടാവും ഞാൻ ” എന്ന് പറഞ്ഞ ഉടനേ അവൾ ഫോൺ കട്ട് ചെയ്തു.

“പണ്ടാരമടങ്ങാൻ… ” എന്നും മനസ്സിലോർത്ത് പെട്ടെന്ന് തന്നെ കുളിച്ചു ഡ്രസ്സ്‌ മാറി ബൈക്കെടുത്തു കോഫീഷോപ്പിലേക്ക് വച്ചു പിടിച്ചു. ബൈക്ക് പാർക്ക് ചെയ്തു ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അവൾ പുറത്തേക്കിറങ്ങി വന്നു. സാധാരണപോലെ ജീൻസും ടോപ്പുമൊന്നുമല്ല വേഷം. ചുരിദാർ ആണ്. അതവൾക്ക് ഒട്ടും ചേരാത്തതുപോലെ തോന്നി.

“നമുക്കൊരിടം വരെ പോകാനുണ്ട് ” എന്നും പറഞ്ഞു നേരെ ബൈക്കിനു പുറകിൽ കയറിയിരുന്നു. കോഫീഷോപ്പിനു പുറത്തെത്തിയപ്പോൾ ആണ് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചത്. “അശോക ഹോസ്പിറ്റൽ” എന്ന് പറഞ്ഞ ശേഷം അവൾ ദേഹത്ത് മുട്ടാത്ത വണ്ണം ഒന്നുകൂടി പുറകിലേക്ക് നീങ്ങി ബൈക്കിന്റെ പുറകിലെ കമ്പിയിൽ പിടിച്ചിരുന്നപ്പോൾ അവൾക്കെന്നോട് വല്ലാത്തൊരു അകൽച്ച വന്നതുപോലെ തോന്നി.
“അവിടെ ആരാ” എന്ന് ചോദിച്ചെങ്കിലും മറുപടി ഒന്നും ഇല്ലാതായപ്പോൾ മനസ്സിന് വല്ലാത്ത ടെൻഷൻ. ഇനി അവൾക്ക് വല്ല മാറാരോഗവും ആയിരിക്കുമോ കർത്താവേ എന്നൊക്കെ മനസ്സിലോർത്ത് അങ്ങനെയൊന്നും ആവരുതേ എന്ന് പ്രാർത്ഥിച്ചുപോയി. ഹോസ്പിറ്റൽ കോംബൗണ്ടിൽ ബൈക്ക് പാർക്ക്‌ ചെയ്തു ഇറങ്ങാൻ നേരം ആയിരുന്നു അവളതു പറഞ്ഞത്…
“ഇന്ന് ടെസ്റ്റിന്റെ റിസൽട്ട് കിട്ടും” എന്ന്..
നെറ്റി ചുളിച്ചുകൊണ്ട് “എന്ത് ടെസ്റ്റിന്റെ ” എന്ന് ചോദിക്കുമ്പോൾ “ഇനി വല്ല ക്യാൻസറും ആയിരിക്കുമോ” എന്ന് ചെറിയൊരു ആശങ്ക പഴയതുപോലെത്തന്നെ മനസ്സിൽ ഉണ്ടായിരുന്നു…

“വിർജിനിറ്റി ടെസ്റ്റ്‌ ” എന്നായിരുന്നു അവളുടെ മറുപടി. അത് കേട്ട് കണ്ണ് തള്ളി നിൽക്കുന്നതിനിടക്ക് വായിൽ നിന്നും ഒന്നും പുറത്തോട്ട് വന്നില്ല. “ഈ പെണ്ണുങ്ങളുടെ അതിനകത്ത് ഉള്ളിത്തൊലി പോലൊരു പാടയുണ്ട്… അത് അവിടെത്തന്നെ ഉണ്ടോ ഇല്ലേ എന്നറിയാനുള്ള ടെസ്റ്റാണ് ” എന്ന് വിശദീകരിക്കുന്നതിനിടയിൽ അവളുടെ മുഖത്ത് മിന്നിമറഞ്ഞ പരിഹാസച്ചിരി ചങ്കിൽ തന്നെ ആണ് കൊണ്ടത്. അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ത്രാണിയില്ലാത്ത തലയും കുമ്പിട്ടു നിൽക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവൾ വീണ്ടും തുടർന്നു…

“അതിപ്പോ പൊട്ടിപ്പോകാൻ പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല… ഓടുമ്പോഴോ ചാടുമ്പോഴോ സൈക്കിൾ ഓടിക്കുമ്പോഴോ മരത്തിൽ കയറുമ്പോഴോ ഒക്കെ പൊട്ടിപ്പോകാവുന്നതേ ഉള്ളൂ. എന്നാലും ചിലപ്പൊ ഭ്യാഗ്യത്തിന് അത് അവിടെത്തന്നെ ഉണ്ടെങ്കിൽ രക്ഷപ്പെട്ടു. തൽക്കാലം സംശയങ്ങൾ ഇല്ലാതാക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല ” എന്ന് പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലിലേക്ക് നടക്കാനൊരുങ്ങിയ അവളുടെ കയ്യിൽ കടന്നു പിടിച്ചു തടയുമ്പോൾ കുതറാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വിട്ടില്ല. “എന്റെ തെറ്റാണ്.. ഒരു പെണ്ണിന് ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യമാണ് ഞാൻ നിന്നോട് ചോദിച്ചത് സമ്മതിച്ചു… ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്ക്… ” എന്ന് പറഞ്ഞെങ്കിലും “ഇല്ല… ആദ്യം നിങ്ങളെ സംശയങ്ങൾ ഒക്കെ തീരട്ടെ… എന്നിട്ട്… എന്നിട്ട് മതി ബാക്കി” എന്ന് പറഞ്ഞു കൈയിൽ നിന്നും കുതറി മാറാൻ അവൾ വീണ്ടും ശ്രമിച്ചെങ്കിലും അവളുടെ കയ്യിൽ പിടിച്ച പിടി വിട്ടില്ല…

പിടിച്ചു വലിച്ചു ബൈക്കിൽ കയറ്റി ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടയിൽ. “അത് വാങ്ങി നോക്കി അതിൽ എന്താണെന്നറിഞ്ഞിട്ട് പോകാം” എന്നൊക്കെ അവൾ പറയുന്നുണ്ടായിരുന്നു. തൽക്കാലം അവൾ പറയുന്നതിന് ചെവി കൊടുക്കാൻ നിന്നില്ല.

വണ്ടി നിരത്തിലൂടെ കോഫിഷോപ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ അവൾ ബഹളമൊക്കെ നിർത്തി പുറകിൽ ഒരു മൈൽ വിട്ടു മോന്ത കടന്നല് കുത്തിയതുപോലെ വീർപ്പിച്ചു പിടിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടു പാവം തോന്നി. തൽക്കാലം അവളെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി. “ഓ.. അല്ലേലും നിന്റെ ഉള്ളിത്തൊലി കിട്ടിയിട്ട് വേണം…. ഒന്ന് പോടീ അവിടുന്നും. നീ എന്റെ പെണ്ണാണ് എന്റെ മാത്രം പെണ്ണ് ഇനി അങ്ങോട്ടും അങ്ങനെത്തന്നെ ആയാൽ മതി” എന്ന് പറഞ്ഞ ഉടനേ.

“ആ… എന്നിട്ടാണോ” എന്നും ചോദിച്ചുകൊണ്ട് എന്റെ പുറത്ത്‌ ആഞ്ഞൊരു അടി ആയിരുന്നു.
ഒപ്പം “ഇനിയും വല്ല സംശയങ്ങളും ഉണ്ടേൽ ഞാൻ ഒഴിഞ്ഞു തരാം… എന്നിട്ട് ഇച്ചായൻ പത്രത്തിൽ ഒരു പരസ്യം കൊടുത്തേക്ക്
“കന്യകയായ ഒരു വധുവിനെ ആവശ്യമുണ്ടെന്ന്… വേറൊന്നും കൊണ്ടല്ല… ഇതിപ്പൊ ഞാനായതുകൊണ്ടും നിങ്ങൾക്ക് വിവരമില്ലെന്ന് നന്നായി അറിയുന്നതുകൊണ്ടും ക്ഷമിച്ചു. പക്ഷേ.. ഒരു പെണ്ണിനോട് ചോദിക്കാവുന്നതിൽ വച്ചു ഏറ്റവും വിലകുറഞ്ഞ ഇതുപോലൊരു ചോദ്യം ഇനി മേലാൽ ഒരു പെണ്ണിനോടും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്…” എന്നുകൂടി അവൾ കൂട്ടിച്ചേർത്തു.
ആ അടിയിൽ പുറവും വാക്കുകളിലെ തീയിൽ ഇടനെഞ്ചും പൊള്ളി പൊളിഞ്ഞുപോയെങ്കിലും. അവൾ എന്നോട് ക്ഷമിക്കാൻ മനസ്സ് കാണിച്ചല്ലോ എന്നുള്ള ആശ്വാസത്തിൽ അവളോട്‌ ഒന്നുകൂടി ചേർന്നിരിക്കാൻ പറഞ്ഞിട്ട്ആ നിമിഷം മുതൽ ഞങ്ങളൊരുമിച്ചുള്ള പുതിയ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങുകയായിരുന്നു ഞാൻ..

No comments:

Post a Comment