ഒരിച്ചിരി അഡല്‍ട്സ് ഒണ്‍ലിയാ, ചങ്കുറപ്പും ക്ഷമയും ഉള്ളോര് മാത്രം വായീച്ചാ മതി, ട്ടാ. ഒരു പെണ്ണിനെ വെറും പെണ്ണാക്കുന്ന കഥ






ഒരു പെണ്ണിനെ വെറും പെണ്ണാക്കുന്ന കഥ
* * * * * * * * * * * * * * * * ** * * * * * * * * * **
കല്ല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണല്ലോ
“എന്താ വിശേഷം ഒന്നും ആയില്ലേ ? ” എന്ന് . ആദ്യമാദ്യം ചില സിഗ്നലുകളായും പതുക്കെ പതുക്കെ ചില ശബ്ദ ശകലങ്ങളായും പിന്നീട് ഉറക്കെയുറക്കെയുള്ള ആവർത്തനങ്ങളായും ചില ചോദ്യ ചിഹ്നങ്ങൾ നവ ദമ്പതികൾക്ക് ചുറ്റും വട്ടമിട്ട് പറക്കും .
” ഇങ്ങനൊക്ക നടന്നാ മതിയോ ? ”
” ഒന്നും ആയില്ലേ ? ”
“വേണ്ടാ ന്ന് വെച്ചതാണോ ? ”
“ഡോക്ടറെ കണ്ടില്ലേ ? ”
” ആർക്കാ കുഴപ്പം ? ”
ഈ ചോദ്യങ്ങളൊക്കെ ഏറെക്കുറെ ഞങ്ങളുടെ ജീവിതത്തിലേക്കും വന്നെത്തി നോക്കിയിരുന്നു. മൂന്ന് വർഷമെന്നത് ഞങ്ങൾക്കൊഴികെ എല്ലാവർക്കും ഒരു വലിയ കാലഘട്ടമായി മുന്നിൽ കിടന്നിരുന്നു.
ചോദ്യങ്ങൾക്കുമുത്തരങ്ങൾക്കുമിടയിൽ ഞങ്ങളുടെ പ്ലാനുകളും സ്വപ്നങ്ങളും ഒളിച്ചു കളിച്ചുകൊണ്ടേയിരുന്നു. ആദ്യത്തെ ഒരു വർഷം ഞങ്ങൾക്ക് മാത്രം നീക്കി വെക്കപ്പെട്ടതായിരുന്നു . പിന്നെ ചില യാത്രകൾ …അതിനിടയ്ക്ക് കുഞ്ഞേട്ടൻറെ ബി.എഡ് … എൻറെ ബാക്ക് പെയ്ൻ ഓരോന്നും കൃത്യ സമയത്ത് തന്നെ കടന്ന് വന്നു . പലപ്പോഴും ഞാൻ ഹോസ്റ്റലിലും കുഞ്ഞേട്ടൻ കോഴിക്കോട് ജർമ്മനി ഹൗസിലും കഴിഞ്ഞു കൂടി .
ചോദ്യങ്ങൾ അപ്പോഴും മുറയ്ക്ക് വന്നുകൊണ്ടേയിരുന്നു .
ഒരു ദിവസം ഞാൻ പറഞ്ഞു . നമുക്കൊരു ഡോക്ടറെ കണ്ടാലോ ..
” ആ കാണാം. ഡോക്ടർ ചോദിക്കും ഒരുമിച്ചാണോ താമസം എന്ന് . അപ്പൊ പറഞ്ഞോണം നീ മർക്കസ്സിലും ഞാൻ കോഴിക്കോടും ആണെന്ന് . ഉടനെ ഡോക്ടർ നമ്മുടെ അസുഖത്തിനുള്ള മരുന്നെഴുതിത്തരും .
സന്തോഷാവില്ല്യേ ? ”

ഇതുകേട്ട് പ്ലിങ്ങിപ്പോയ ഞാൻ മിണ്ടാതെ നിന്നു . ഒരു കുഞ്ഞു വേണമെന്ന് ആത്മാർത്ഥമായി തോന്നിത്തുടങ്ങിയ സമയമായിരുന്നത് . ” നീ ടെൻഷനാവണ്ട . എല്ലാം അതിൻറേതായ സമയത്ത് നടക്കും ” എന്ന വെറും വാക്കിന് എന്നെ സാന്ത്വനിപ്പിക്കാൻ ഒട്ടുമായില്ല . അതു മനസ്സിലാക്കിയിട്ടാവാം ചില പ്രയോഗങ്ങൾ പുറകേ വന്നു. ” ദേ നമ്മളിതിനെ പറ്റിയൊക്കെ പണ്ടേ സംസാരിച്ചിട്ടുള്ളതല്ലേ ? അഥവാ കുഞ്ഞുങ്ങളുണ്ടായില്ലേലും പരസ്പരം പഴി ചാരാതെ ഒരു കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കുമെന്നൊക്കെ തീരുമാനിച്ചത് മറന്ന് പോയോ ? ”
ആഹാ പ്രേമിക്കുന്ന കാലത്ത് അങ്ങിനെ വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തെന്ന് വരും എന്ന് വെച്ച് .. ! ഞാനൊന്ന് തറപ്പിച്ച് നോക്കി . ആള് സീരിയസ്സാ . എല്ലാം ശരിയാവും എന്നൊരു ഭാവം .
അങ്ങിനെയിരിക്കുമ്പോഴാണ് ജംഷീടെ കല്ല്യാണം .യാത്ര പോവാൻ ഒരു ടീമിനെക്കൂടെ കിട്ടിയ ത്രില്ലിൽ കുഞ്ഞും മാഞ്ഞു പോയിത്തുടങ്ങിയിരുന്നു. ഊട്ടിയിലേക്കൊരു ബൈക്ക് യാത്ര . നാലു പേരും കൂടെ . തിരിച്ചു വന്ന് അധികം വൈകാതെ ജംഷി വിളിച്ചു . അടുത്ത യാത്രയ്ക്ക് ഡേറ്റ് നോക്കിയിരുന്ന കുഞ്ഞേട്ടൻറെ കാതിൽ ഒരു ബോംബ് പൊട്ടി . ” എടാ ഞങ്ങൾ പെട്ട്… ചെറിയൊരു പണി കിട്ടി . മുനിക്ക് വിശേഷം …”
” അങ്ങിനെ വേണടാ ”
കുഞ്ഞേട്ടൻ ഹാപ്പിയായി. മുനിക്കാണോ എനിക്കാണോ വിശേഷം? ഞാൻ അങ്കലാപ്പിലായി. എനിക്കല്ല . ഫോൺ വെക്കാൻ നേരം ജംഷി പറയുന്ന കേട്ടു . “ഈ പണി അനക്കുംകിട്ടൂടാ .. ഇയ്യ് ഇത്രേം നാള് കാത്തിരുന്നത് വെറുതെയാവില്ലാ ന്ന് ”
കുഞ്ഞേട്ടൻ എന്നെ നോക്കി .നീ കേട്ടാ അവൻ പറഞ്ഞത് ന്ന മട്ടിൽ.. ലൗഡിലിട്ടാ പിന്നെ കേൾക്കൂലേ ന്ന മട്ടിൽ ഞാനും ഒന്ന് നോക്കി . കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ജംഷീടെ വാക്ക് അറം പറ്റി. ഒട്ടും പ്രതീക്ഷയില്ലാതെ ടെസ്റ്റ് ചെയ്ത ഞാൻ കാർഡിലെ രണ്ട് വരകൾ കണ്ടതും വിറക്കാൻ തുടങ്ങി.രണ്ട് വരകളാണോ അതോ ഒരു വരയാണോ പോസിറ്റീവ് എന്ന് വീണ്ടും വീണ്ടും നോക്കി. കുഞ്ഞേട്ടൻ റൂമിലുണ്ട് .പതുങ്ങിച്ചെന്ന് പറഞ്ഞു ..
” .. നോക്ക് രണ്ട് വര! ”
” ങേ…! സത്യം? ”
കുഞ്ഞേട്ടന് അത്ഭുതം.
ഭാഗ്യത്തിന് ബോധം പോയില്ല.
സിനിമയിലെ പോലെ എന്നെ എടുത്ത് പൊക്കുമോ ? എന്നാൽ നടുവൊടിയും .ഞാൻ കട്ടവെയിറ്റിംഗ്. കുഞ്ഞേട്ടൻ ഇരുന്നിടത്തൂന്ന് എണീക്കുന്നില്ല. കുലുങ്ങിച്ചിരിക്കുന്നു കൈ തലയിലും വച്ച്.
വട്ടായിപ്പോയോ …?
എന്താ .?

ഒന്നൂല്ല. ജംഷി പറഞ്ഞതോർത്തിട്ടാ.. നമ്മളീ മൂന്ന് വർഷം അവരെ കാത്തിരിക്കാർന്നെന്ന് .
ഓർത്തപ്പോൾ എനിക്കും ചിരി വന്നു .
അമ്മയോട് പറയണ്ടേ ? നിക്ക് ഞാൻ ജംഷിയോട് പറയട്ടേ ആദ്യം.
ഫോൺ ചെയ്ത് ചിരിയോ ചിരി .
” എടാ ഞങ്ങളും പെട്ട്. ഇനി യാത്രകളൊക്കെ കുറച്ച് കാലം കഴിഞ്ഞ് …” അങ്ങിനെന്തൊക്കെയോ…ഇടയ്ക്ക് ചില ഉപദേശങ്ങൾ. ഒരു മാസം സീനിയറായേൻറെ അഹങ്കാരം .
പിന്നെ ഹോസ്പിറ്റൽ ..ഡോക്ടർ …ലഡ്ഡൂ…ജിലേബി..ഫോൺ കോളോടു ഫോൺ കോൾ… അറിഞ്ഞവർ… ഓറഞ്ച് മുന്തിരി…
എടപ്പാൾക്ക് പോയി. ലക്ഷ്മി ഡോക്ടറെ കണ്ടു. കാർഡു കണ്ട് ഡോക്ടർ പരുങ്ങി. ആവേശം കൊണ്ട് രണ്ട് വട്ടം നോക്കി. രണ്ടാമത്തേതിൽ ഒരു ലൈൻ ക്ലിയറില്ല.
” ഇതെങ്ങനെ സംഭവിച്ചു . ? ഒന്നൂടെ നോക്കണം .എന്നാലെ ഉറപ്പിക്കാൻ പറ്റൂ. ”
പൊന്നു ഡോക്ടറെ ലഡ്ഡൂം വാങ്ങി..ജിലേബീം വാങ്ങി …. കൊറേ ഫോണുംവിളിച്ച് ….ഓറഞ്ചുംമുന്തിരീം കിട്ടി ബോധിച്ച് . എന്നിട്ടിപ്പം ? വീട്ടീപ്പോയിട്ട് ഒന്നൂടെ നോക്കാൻ !
അമ്മയ്ക്കും അച്ഛനും ഉണ്ണിക്കും പൂപ്പിക്കും കൊടുക്കാൻ ലഡ്ഡുവുണ്ട് ബാഗിൽ… ചതിക്കരുത് .
അവിടുന്നിറങ്ങി പോരുന്ന വഴിക്ക് .
കുഞ്ഞേട്ടാ..
ഉം
ഇനി നോക്കണോ ?
ഡോക്ടർ പറഞ്ഞതല്ലേ..ഒന്നൂടെ വാങ്ങി നോക്കാം.
വേണ്ട.. ഇനി നോക്കണ്ടാ.. ഇതു മതി..
പേടിക്കണ്ടാ.. പോസിറ്റീവാവും .
എന്തായാലും വീട്ടിലെത്തി നോക്കിയപ്പോൾ വീണ്ടും ലഡ്ഡു പൊട്ടി. ശരിക്കും പോസിറ്റീവ് .
ലഡ്ഡൂം ജിലേബീം തീർന്നപ്പോൾ തോന്നി വയറിനൊരു വേദന . പുതിയ അനുഭവമല്ലേ ഇതൊക്കെ ഉണ്ടാവും ന്ന് കരുതി മിണ്ടാണ്ടിരുന്നപ്പോൾ…രണ്ടമ്മമാരും പറയാ വയറു വേദന വന്നാൽ ശ്രദ്ധിക്കണം.
ശരി ..വീണ്ടും ഡോക്ടർ.
വയറു വേദനയുടെ വിവിധ സാധ്യതകൾ… എക്ടോപ്പിക് അഥവാ ട്യൂബുലാർ പ്രെഗ്നൻസി … ഓരോന്നും കേട്ട് ചെവി അടിച്ചുപോയി ഇരിക്കുമ്പോൾ ഡോക്ടർ പറയുന്നു . ” പ്രെഗ്നൻസി ഉറപ്പിക്കാൻ വരട്ടെ. ചില കോംപ്ലിക്കേഷൻസ് ഉള്ളത്പോലെ. കംപ്ലീറ്റ് റെസ്റ്റ് എടുക്കൂ . നന്നായി വെള്ളം കുടിക്കൂ . എന്തായാലും നമുക്കൊന്ന് സ്കാൻ ചെയ്ത് നോക്കാം . ”
ആദ്യ മാസം തന്നെ സ്കാനോ ? എന്തോ സംഗതി സീരിയസ്സാണ് . എൻറെ കണ്ണ് ചുവന്നു . കുഞ്ഞേട്ടനും നല്ല ടെൻഷനുണ്ട്. എന്നെ കാണിക്കാതിരിക്കാൻ കഷ്ടപ്പെടുന്നുമുണ്ട് പാവം .
ശുകപുരം ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു. ഒരിക്കൽ ഒരു വയറു വേദന വന്നപ്പോൾ സ്കാൻ ചെയ്തിരുന്നതുകൊണ്ട് വലിയ ഭയമൊന്നും തോന്നിയില്ല. ഒരു കുപ്പി വെള്ളവും അകത്താക്കി പെട്ടെന്ന് റെഡിയായി. മൂത്രശങ്ക തോന്നിയെങ്കിലും മിണ്ടാതെ പിടിച്ചിരുന്നു. സ്കാൻ ചെയ്യുന്ന ഡോക്ടർ ചോദിച്ചു എന്താ ഇപ്പോ തന്നെ സ്കാൻ ?
പ്രെഗ്നൻസി ട്യൂബിലാണോ ന്ന് ഡോക്ടർ സംശയം പറഞ്ഞു .
അത് പറഞ്ഞപ്പോൾ അത് വരെ ഉണ്ടായിരുന്ന ധൈര്യമൊക്കെചോർന്നു പോയി . ഹൃദയം തലങ്ങും വിലങ്ങും മിടിച്ചു. കണ്ണ് നിറഞ്ഞു .
ഏയ് ട്യൂബിലൊന്നുമല്ല. ദേ നോക്കിക്കേ. യൂട്ടിറസ്സിൽ തന്നെയാണ്.കണ്ടോ ?
കണ്ണിൽ പൂത്തിരി കത്തി.. നെഞ്ചിൽ മെത്താപ്പ് . എൻറെ കുഞ്ഞ് .സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ സമയത്ത് ഡോക്ടർ പറഞ്ഞു.
ഒരു ചെറിയ സിസ്റ്റ്
( മുഴ) ഉണ്ട് ലെഫ്ട് ഓവറിയിൽ . അതായിരിക്കാം വയറു വേദന.
അടുത്ത കുരിശ്ശ് . അത് കൊണ്ട് കുഞ്ഞിനെന്തെങ്കിലും?
നിങ്ങൾ ഡോക്ടറെ പോയി കാണൂ . പ്രശ്നമൊന്നുമില്ല.
ഡോക്ടർ റെസ്റ്റ് എടുക്കണമെന്ന് വീണ്ടും പറഞ്ഞു. സിസ്റ്റിനെ കുറിച്ച് ആകാംക്ഷാഭരിതരായിരുന്ന ഞാനും കുഞ്ഞേട്ടനും അത് വലുതായില്ലേൽ പ്രശ്നമൊന്നുമില്ല എന്ന ഒറ്റ വാചകത്തിൽ തൃപ്തരായത് പോലെ അഭിനയിച്ചു.
വീട്ടിലെത്തി നെറ്റ് സേർച്ചിംഗ് തുടങ്ങി. പ്രെഗ്നൻസിയെ കുറിച്ചും സിസ്റ്റിനെ കുറിച്ചും എക്ടോപ്പിക് പ്രെഗ്നൻസിയെക്കുറിച്ചുമൊക്കെ വായിച്ചു. പ്രെഗ്നൻസി ടൈമിൽ ഓവുലാർ സിസ്റ്റുകൾ വളരെ സ്വാഭാവികമാണെന്നും അവയിൽ പലതും അപകടകാരികളാകാതെ തനിയെ ചുരുങ്ങിപ്പോയ്ക്കൊള്ളുമെന്നും മനസ്സിലാക്കി. സ്വസ്ഥം.
പിന്നെ ഫ്രൂട്ട്സ്..നട്സ്.. .ഡേറ്റ്സ്…അങ്ങിനെ ഹാപ്പീ പ്രെഗ്നൻസി . റെസ്റ്റ് പറഞ്ഞോണ്ട് കോളേജിൽ പോണ്ടാ ന്ന് ഞങ്ങൾ തീരുമാനിച്ചില്ല. ക്ലാസ്സെടുക്കാൻ കുഴപ്പമില്ല പക്ഷേ ഒരേ പൊസിഷനിൽ നിൽപ്പും ഇരിപ്പും പറ്റില്ലാ ന്ന് ഡോക്ടർ.
എനിക്ക് ക്ലാസ് നിർത്താൻ പറ്റില്ല . ഞാൻ.
ശരി വീട്ടിലേക്ക് ഡെയ്ലി യാത്ര വേണ്ട . ആ മൂടാൽ റോഡ് അബോർഷൻ പ്രോൺ ഏരിയയാ. അതോണ്ട് മോളവിടെ നിന്നോ . ഞാൻ ഇടയ്ക്ക് വന്ന് കാണാം . കുഞ്ഞേട്ടൻ.
എല്ലാം ഫിക്സഡ്. പെട്ടീം കിടക്കയുമായി ഞാൻ വഫിയ്യയിലേക്ക് . മേലത്തെ റൂമിൽ റെസ്റ്റ് ഇൻ പീസ്. സ്റ്റെയർ ഇറങ്ങൽ വീട്ടിൽ പോകുമ്പോൾ മാത്രം . ഭക്ഷണം കുട്ടികൾ മേലെ എത്തിക്കും . ക്ലാസ്സ് പിന്നെ മേലെത്തന്നെ ആയിരുന്നു.
ചർദ്ദി . കുറേ പ്രതീക്ഷിച്ചു . വന്നില്ല. ചിലർ പറഞ്ഞു രണ്ട് മാസം കഴിഞ്ഞാൽ വരും . വന്നില്ല. അഞ്ച് മാസത്തിന് ശേഷം ന്തായാലും വരും . വരുമ്പോൾ വരട്ടെ എന്ന് ഞാനും . ഒടുക്കം ഒരു കുശുമ്പത്തി ചേച്ചി പറയാ ഗർഭകാലത്ത് ചർദ്ദി ഇല്ലാത്തവർക്ക് പ്രസവശേഷം ണ്ടാവും ന്ന് . എന്നാലതൊന്ന് കാണട്ടേ ന്ന് ഞാനും.
പാല്.. പഴങ്ങൾ.. ഉപ്പേരി ..ഇത്യാദികളായി കുഞ്ഞേട്ടൻ ദിവസവും സെക്യൂരിറ്റി ബോക്സിൽ വരും . കുട്ടികൾ അതൊക്കെ മുകളിലെത്തിക്കും . മുകളിൽ എനിക്ക് കൂട്ടായാ മുംതാസും മർജ്ജാനും സഹലയും ഉണ്ടായിരുന്നു. അവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ.ഇപ്പോൾ പി.ജിയും ബി.എഡുമായി മർക്കസ്സിൽ തന്നെ കൂടിയിരിക്കാണ്. പാലെടുക്കുന്ന ഡ്യൂട്ടി മുംതാസ് മുടക്കം കൂടാതെ ചെയ്തിരുന്നു. ഇടയ്ക്ക് കുഞ്ഞേട്ടനെ കാണാൻ ഞാൻ താഴെ ഇറങ്ങും ചുങ്കിടിയെക്കുറിച്ച് ഇത്തിരി സംസാരിക്കും .
അങ്ങിനെയാണ് കുഞ്ഞിനെ ഞങ്ങൾ വിളിച്ചിരുന്നത്. ഇതൊരു പെൺകുഞ്ഞാണെന്ന് എൻറെ മനസ്സ് തുടക്കം മുതൽ എന്നെ പറഞ്ഞ് പറ്റിച്ചുകൊണ്ടിരുന്നു. കുഞ്ഞേട്ടനും അത് ശരി വച്ചു. കടയിൽ കയറുമ്പോൾ കുഞ്ഞുടുപ്പുകൾ ഞങ്ങളെ നോക്കി ചിരിച്ചു . കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ മനസ്സ് നിറഞ്ഞു.
എൻറെ വെയിറ്റ് കൂടിക്കൂടി വന്നു . തടി കൂടിയപ്പോൾ . ഞാൻ ചോറു കുറച്ചു. ഫ്രൂട്സും നട്സും ഡ്രൈ ഫ്രൂട്സും കൂടുതൽ കഴിച്ചു. ഹന്നത്തിൻറെ വക മുരിങ്ങാക്കറിയും ചീരക്കറിയും എന്നെ മെസ്സിലെ മീൻ കറിയിൽ നിന്ന് കാത്തു രക്ഷിച്ചു.
എന്നിട്ടും വയറ് വീർക്കുന്നതിനനുസരിച്ച് ഞാൻ ചീർത്ത് ചീർത്ത് വന്നു . ഹോസ്പിറ്റലിൽ പോകുമ്പോൾ കുഞ്ഞേട്ടൻറെ കൂടെ നടക്കാൻ മടിയായി. അത് മനസ്സിലാക്കിയിട്ടെന്ന പോലെ എന്നെ ചേർത്ത് പിടിച്ചുകൊണ്ട് ചുങ്കിടിയെ സൂക്ഷിച്ചോണമെന്ന് കാതിൽ പറഞ്ഞുകൊണ്ടേയിരുന്നു കുഞ്ഞേട്ടൻ.
അഞ്ചാം മാസത്തെ സ്കാൻ കഴിഞ്ഞപ്പോൾ ..ആശങ്കകളൊഴിഞ്ഞു. സിസ്റ്റും മാഞ്ഞു പോയ് . ചുങ്കിടി വലുതായി . സ്കാൻ റിപ്പോട്ട് വീണ്ടും വീണ്ടും വായിച്ച് ഞങ്ങൾ പുളകിതരായി .
വയറ് വലുതാവുന്നതിനനുസരിച്ച് ചെറിയ ബുദ്ധിമുട്ടുകൾ. ഇരിക്കാനും നിൽക്കാനും നടക്കാനും . ക്ലാസ്സിൽ നിന്നും ഇരുന്നും നടന്നും . ചില ദിവസങ്ങളിൽ വല്ലാതെ ക്ഷീണിച്ചു. ഒരു ഘട്ടത്തിൽ ഇനി ക്ലാസ്സ് നിർത്താമെന്ന് കുഞ്ഞേട്ടൻ . അതോടെ ക്ഷീണവുമില്ല പ്രശ്നങ്ങളുമില്ല ഞാൻ ഡബിൾ ഓകെ ആയി. ഒരു വാശിയായിരുന്നു. ലീവെടുക്കില്ല എന്നത് . ക്ലാസ് നിർത്തിയാൽ വീട്ടിലിരുന്ന് ബോറഡിക്കുമെന്നത് മറ്റൊരു സത്യം .
ക്ലാസ്സെടുക്കുന്നത് ഒരു സന്തോഷമായിരുന്നു. കുട്ടികൾ പറയും ടീച്ചറുടെ കുട്ടി അരിസ്റ്റോട്ടിലിനേയും പ്ലാറ്റോയേയും വേർഡ്സുവർത്തിനേയും കേട്ട് ഭ്രാന്ത് പിടിച്ചിരിക്കായിരിക്കും ന്ന് . ഞാൻ പറയും കുഞ്ഞിനവരെ ഇഷ്ടാവും ന്ന് .
എന്നേക്കാൾ പത്ത് ദിവസം കുറവിൽ മറ്റൊരു ഗർഭിണി ഫൈനൽ ഇയർ ക്ലാസ്സിൽ തളർന്നിരുന്നു.ഭക്ഷണമൊന്നും കഴിക്കാൻ പറ്റാതെ ചർദ്ദിച്ചവശയായി.. ജുമൈല. ജുമൈല ചില പിരീയഡുകളിലേ ക്ലാസ്സിൽ വരൂ . വന്നാലും തളർന്ന് ..ഒന്നും ശ്രദ്ധിക്കാൻ പറ്റാതെ. ഞാനവളെ മോട്ടിവേറ്റ് ചെയ്യാൻ വേണ്ടി പറഞ്ഞു.
എന്താ ജുമൈല വയ്യേ ? നീ എന്നെ നോക്ക് എനിക്കും വയ്യ.നിവർന്നിരുന്നേ ..
അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു. പോയട്രീ ഈസ് ദ സ്പൊണ്ടേനിയസ്സ് ഓവർ ഫ്ലോ …എന്നൊക്കെ കേട്ടപ്പോൾ അവളുടെ കണ്ണുകളടഞ്ഞു പോണത് കണ്ട് ഞാൻ പറഞ്ഞു.
ജുമൈല പോയി റെസ്റ്റ് എടുത്തോ.
പോയട്രിയും ക്രിറ്റിസിസവും ക്ലാസ്സിലെ തമാശകളുമായി പകൽ പെട്ടെന്ന് പോകും . രാത്രികളിൽ വായനയും പാട്ടുകളും സമയം തിന്നു. മെലഡീസ് ചുങ്കിടിക്ക് ഇഷ്ടപ്പെടുമെന്നെനിക്ക് തോന്നി. നല്ല നല്ല പുസ്തകങ്ങൾ വായിക്കണമെന്ന് കുഞ്ഞേട്ടനും പിന്നെ ലിജ്വേട്ടനും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുമായിരുന്നു. ‘അങ്കിൾ ടോംസ് ക്യാബിൻ ‘ വായിച്ച് ഞാനും ചുങ്കിടിയും കരഞ്ഞു. നുജൂദിനെ പറ്റി വായിച്ച് വല്ലാതെ വേദനിച്ചു . ഫ്രാങ്ക്ലിൻസ്റ്റീൻ വായിച്ച് മേരി ഷെല്ലിയെ പറ്റി അത്ഭുതപ്പെട്ടു.
പ്രെഗ്നൻസിയെ പറ്റിയും ചൈൽഡ് ഡെവലപ്പ്മെൻറിനെ പറ്റിയും കുറച്ച് പുസ്തകങ്ങൾ ബിജുമാഷ് കുഞ്ഞേട്ടൻറെ കയ്യിൽ കൊടുത്തു വിട്ടിരുന്നു. കുറച്ച് പുസ്തകങ്ങൾ കുഞ്ഞേട്ടനും വാങ്ങിച്ചു. പിന്നെ നെറ്റും കൂടിയായപ്പോൾ എല്ലാം തികഞ്ഞു. വിശദമായി എല്ലാം വായിച്ചതുകൊണ്ട് ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞു.
കുറേയേറെ അന്ധ വിശ്വാസങ്ങളുണ്ട് ഗർഭിണികളെ ചുറ്റിപ്പറ്റി . അതെല്ലാം പുച്ഛിച്ച് തള്ളാനും അടിച്ചേൽപ്പിക്കാൻ വരുന്നവർക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനും ധൈര്യം തന്നത് പുസ്തകങ്ങളും ഇൻറർനെറ്റുമാണ്.
ഒതൻറിക് ആയ വിവരങ്ങളെ ഈ സമയത്ത് സ്വീകരിക്കാവൂ . അല്ലാത്തവ വെറുതെ പേടിപ്പിക്കാനും പ്രെഷറ് കൂട്ടാനും മാത്രേ സഹായിക്കൂ. ഒന്ന് പ്രസവിച്ചാൽ എല്ലാമറിയാമെന്ന് വിശ്വസിക്കുന്നവരെയല്ല… അത്യാവശ്യം വിവരവും വിദ്യാഭ്യാസവും വായനയും ഉള്ളവരെ വേണം ഇക്കാര്യത്തിൽ സമീപിക്കാൻ. എൻറെ ചെറിയ സംശയങ്ങൾ പോലും വളരെ ശ്രദ്ധാലുവായി കേട്ടിരുന്നത് സോജിനാണ്. അവൻ നഴ്സ് ആയതുകൊണ്ട് എനിക്ക് വിശ്വാസവുമായിരുന്നു. പിന്നെ ഫാരിയും പ്രിനിയും രേഷ്മയും ഇടയ്ക്കിടയ്ക്ക് ഞാൻ കാരണം ബുദ്ധിമുട്ടി.
സംശയങ്ങളൊന്നും ബാക്കി വെക്കാതെ തന്നെ മുന്നോട്ട് പോകാൻ കഴിഞ്ഞതാണ് വലിയ ഭാഗ്യം .
അവസാന മാസങ്ങളിൽ ക്ലാസ്സെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു.കുറച്ച് നേരം ഇരിക്കുമ്പോഴേക്കും വയറിനെന്തോ അസ്വസ്ഥത. പിന്നെ കാല് രണ്ടും നീര് വന്ന് വീർത്തു. നിന്നും നടന്നും ഇടയ്ക്കിരുന്നും കോളേജ് അടയ്ക്കുന്നത് വരേയും ക്ലാസ്സെടുക്കാൻ പറ്റി.
വൈകുന്നേരങ്ങളിൽ പുറത്ത് നടക്കാനിറങ്ങിയും പലതരം എക്സസൈസുകൾ ചെയ്തും പ്രസവിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി .
മെയ് മുപ്പത്തി ഒന്നിനാണ് കോളേജിൽ വെക്കേഷൻ തുടങ്ങിയത്. മുപ്പതാം തിയ്യതി ഞാൻ വീട്ടിലേക്ക് പോന്നു . ഒരാഴ്ച കൂടിയേ പിന്നെ ഡെലിവറി ഡേറ്റിലേക്കുള്ളൂ.
ഗർഭം.. പ്രസവം ..ഒക്കെ അനവധി നിരവധി ചടങ്ങുകളുടെ തിക്കും തിരക്കിനാൽ സമ്പന്നമല്ലേ. ഒരു തരത്തിലുള്ള ചടങ്ങുകളും വേണ്ടെന്ന് ഞങ്ങൾ രണ്ടു പേരും കർശനമായിത്തന്നെ പറഞ്ഞു. ചെറിയ ചില എതിർപ്പുകൾ തലപൊക്കിയെങ്കിലും പറഞ്ഞ് തിരുത്താൻ സാധിച്ചു. അവസാനം പ്രസവത്തിന് കൂട്ടിക്കൊണ്ടു പോക്ക് എന്ന ചടങ്ങിലെത്തി നിന്നു.
കൂട്ടാനും കൊണ്ടോവാനും ഒന്നും നിൽക്കണ്ട ഞാനങ്ങ് കൊണ്ടു പോയാക്കും ..അത് മതി എന്ന് കുഞ്ഞേട്ടൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അങ്ങിനെ തന്നെ സംഭവിക്കേം ചെയ്തു. വൈകീട്ട് കോളേജിൽ നിന്ന് വളാഞ്ചേരി വീട്ടിലെത്തി സാധനങ്ങൾ പാക്ക് ചെയ്ത് ഞങ്ങളിറങ്ങി. പോരാൻ നേരം എല്ലാവരും എത്തിയിരുന്നു . ഇരുട്ടാവുന്നതിന് മുന്നേ ഇറങ്ങിക്കോ എന്ന് താട്ടൻ പറഞ്ഞതിലെ കരുതൽ എൻറെ കണ്ണ് നിറച്ചു. വേറേം എന്തൊക്കെയോ ചിന്തകൾ ആ സമയം മനസ്സിലേക്കോടിയെത്തി. അമ്മയോട് യാത്ര പറഞ്ഞപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു. അവിടുന്ന് ഇറങ്ങുന്ന ആളായല്ല ഇനി അങ്ങോട്ടേക്ക് തിരിച്ചു വരാ എന്ന ബോധത്തോടെ ആ പടികൾ ഇറങ്ങി .
എടപ്പാൾ എത്തിയപ്പോഴേക്കും ഇരുട്ടിത്തുടങ്ങി. പിന്നീട് ഒരാഴ്ച ബ്രീതിങ്ങ് എക്സസൈസും ..സ്ക്വാട്ടിങ്ങും മറ്റ് വ്യായാമ മുറകളും കൂടുതൽ ആവൃത്തി ചെയ്തു.
ഏഴ് മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ എടപ്പാൾ ഹോസ്പിറ്റലിലേക്ക് ട്രീറ്റ്മെൻറ് മാറ്റിയിരുന്നു.
ഗോപിനാഥൻ ഡോക്ടറെ വീട്ടിൽ പോയി കാണാനും തുടങ്ങിയിരുന്നു. അവിടുത്തെ സ്കാനിംഗ് ഒഴിച്ചാൽ ബാക്കിയേല്ലാം സുഗമമായിരുന്നു. ഒന്ന് രണ്ട് തവണ മാത്രേ അവിടുന്ന് സ്കാൻ ചെയ്തിട്ടുള്ളൂ . ബുക്ക് ചെയ്താലും സ്കാൻ ചെയ്യുന്ന സമയത്തെ പറ്റി യാതൊരു ബോധ്യവുമില്ല. രാവിലെ ചെന്നാൽ എപ്പൊ പോരാൻ പറ്റുമെന്ന് പറയാനൊക്കില്ല. പ്രത്യേകിച്ച് അസുഖമില്ലാത്ത ഗർഭിണികൾക്കുപോലും അവിടെ പോയി ചടഞ്ഞ്കൂടിയിരുന്നാൽ പലതരം അസുഖങ്ങൾ വന്നേക്കാം . അധികം പോകേണ്ടി വരാഞ്ഞതോണ്ടാവാം ഞാൻ രക്ഷപ്പെട്ടത്.
അഞ്ചാം തീയ്യതി ഡോക്ടറെ പോയി കണ്ടു.
ഒന്നുമായില്ലല്ലോ . നമുക്ക് അധികം വൈകിക്കണ്ട. ഏഴിന് അഡ്മിറ്റാകാം വേദന വന്നില്ലെങ്കിൽ മരുന്ന് വെക്കാം .
പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഇങ്ങനെ പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. കൂടുതലൊന്നും അങ്ങോട്ട് ചോദിക്കാനുള്ള ധൈര്യമില്ലാത്തോണ്ട് പതുക്കെ ഇറങ്ങി പോന്നു.
സംശയങ്ങൾ പൊങ്ങിത്തുടങ്ങി. ഡോക്ടർ എന്തിനാണ് ധൃതി കാട്ടുന്നത്. എനിക്ക് നോർമലായി തന്നെ പെയ്ൻ വരുമെന്ന് എനിക്കുറപ്പായിരുന്നു. വെയ്റ്റ് ചെയ്യാതെ മരുന്ന് വെക്കുമെന്ന് പറഞ്ഞത് എൻറെ ആത്മ വിശ്വാസം കെടുത്തിക്കളഞ്ഞു.
പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . ചില ഹോസ്പിറ്റലുകളിൽ സിസ്സേറിയനാക്കാനുഉള്ള ശ്രമം തകൃതിയായി നടക്കുമെന്ന്. എൻറെ ഉള്ളുലഞ്ഞു. എനിക്ക് സിസ്സേറിയൻ വേണ്ടാ.. എനിക്കെൻറെ കുഞ്ഞിനെ പ്രസവിക്കണം . ഞാൻ എന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങി. കൂടുതൽ ചിന്തിക്കേണ്ട എന്തെങ്കിലും കാണാതെ ഡോക്ടർ അങ്ങിനെ പറയില്ല . നമുക്ക് വരുന്നിടത്ത് വച്ച് കാണാം . സിസ്സേറിയൻ ആണെങ്കിൽ അങ്ങിനെ . കുഞ്ഞേട്ടൻ രണ്ടും കൽപ്പിച്ചാ . ഞാൻ മിണ്ടാതെ നടന്നു . കാറിൽ കയറിയതും തല താഴ്ത്തി ഒറ്റയിരിപ്പ്.പിന്നെ കുഞ്ഞേട്ടൻ പലതും പറഞ്ഞൊരുവിധം സമാധാനിപ്പിച്ചു.
ഏഴിന് രാവിലെ സർവ്വ സന്നാഹങ്ങളുമായി ഡോക്ടറെ കാണാൻ ചെന്നു. കുറേ വൈകിയിട്ടും ഡോക്ടർ വന്നില്ല. ഉള്ള നേരം നടന്നാൽ അത്രേം നല്ലത് എന്ന് കരുതി ഞാനെണീറ്റ് വന്ന് പുറത്ത് നടന്നുകൊണ്ടിരുന്നു. കുഞ്ഞേട്ടൻ എൻറെ ആത്മാർത്ഥത കണ്ട് അത്ഭുതപ്പെട്ടു. അമ്മ വെറുതേ ചിരിച്ചു.
കുറേ കഴിഞ്ഞാണ് ഡോക്ടർ എത്തിയത്.
ഉള്ളു പരിശോധിച്ച ശേഷം മരുന്ന് വെക്കേണ്ടി വരുമെന്ന് തന്നെ ഡോക്ടർ വീണ്ടും പറഞ്ഞു. ഞാൻ പിന്നേം ഡൗൺ ആയി. വായനയിൽ നിന്നും ആവാഹിച്ചെടുത്ത കോൺഫിഡൻസ് മുറുകെപ്പിടിച്ച് ഡോക്ടറെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു. ഞാനീ കുഞ്ഞിനെ പ്രസവിക്കും .
ഹോസ്പിറ്റലിലെത്തി കാഷ്വാലിറ്റിയിൽ സ്ലിപ് കാണിച്ചു. ലേബർ റൂമിലേക്ക് വഴി കാട്ടിയായി ഒരു സിസ്റ്റർ കൂടെ വന്നു. കുഞ്ഞേട്ടൻ സിസ്റ്ററിൻറെ തൊട്ടു പിന്നാലെ ഓടുന്നത് കണ്ടാൽ മൂപ്പരെയാണ് അഡ്മിറ്റാക്കുന്നതെന്ന് തോന്നും . ഇടയ്ക്ക് പരിചിതമെന്ന് തോന്നുന്ന രണ്ട് മുഖങ്ങൾ ഓടി നടക്കുന്നത് കണ്ടു. ഊഹം തെറ്റിയില്ല.
ശാരിയുടെ അമ്മയല്ലേ.. ?
അതെ . അശ്വനി ?
ആ. അതെ.
ശാരീടെ സിസ്സേറിയനായി കേട്ടോ.. ആൺകുട്ടി. ഇന്ന് രാവിലെ ആയിരുന്നു.
പിന്നേം എന്തൊക്കെയോ അമ്മയും അച്ഛനും പറയുന്നുണ്ട്. ഞാനൊന്നും കേട്ടില്ല. സിസ്റ്റർ തിരികെ വന്നെന്നെ വലിക്കുകയാണ്..
അല്ല ലേബർ റൂമിലേക്ക് പോണ്ടേ.. ?
അമ്മയും കുഞ്ഞേട്ടനും ചിരിച്ച് നിൽപ്പുണ്ട്. ഇവരെല്ലാം ലേബർ റൂം വരെ പോയി എന്നെ കാണാതെ തിരിച്ചു വന്നതായിരുന്നോ ?
എനിക്ക് ചിരിയൊന്നും വന്നില്ല. ശാരി…! ഡേറ്റിന് മുന്നേ അവളോട് അഡ്മിറ്റാവാൻ പറഞ്ഞിരുന്നു. എന്നേക്കാൾ ഒരാഴ്ച്ച കഴിഞ്ഞ് ഡേറ്റ് വരേണ്ട ആളാ. എന്നിട്ടിപ്പൊ… !
സിസ്സേറിയൻ . ! ആ വാക്ക് എൻറെ കാലുകളെ പുറകോട്ട് വലിച്ചു. സിസ്റ്റർ ഉള്ളിലേക്കും .
ലിസ്റ്റുകളൊക്കെ നോക്കി പല പല സിസ്റ്റർമാർ പലതും ചോദിച്ചു. ആദ്യത്തെയാണോ ? ഷുഗർ ഉണ്ടോ ?
പ്രഷർ ?
ഗോപി സാറിൻറെ പേഷ്യൻറാണോ ?
വീടെവിടെ ?
ഇതിനിടയ്ക്ക് ഞാൻ ചുറ്റും നോക്കി. മൂന്നാലു പേർ തലങ്ങും വിലങ്ങും കിടക്കുന്നു. വയറിൽ എന്തോ ഘടിപ്പിച്ച്.ഒരു കുഴൽ കയ്യിലും . ഇതെന്ത് കോമഡി എന്നോർത്തോണ്ടിരുന്നപ്പോൾ . എന്നോടും കിടന്നോളാൻ ! എവിടെ ? ഞാൻ സിസ്റ്ററെ നോക്കി ക്വസ്റ്റ്യൻ മാർക്കിട്ടു.
ദാ ഇവിടെ .
ഹോ
ഒരാളുണ്ട് . സാരമില്ല ഞാനിപ്പുറം തിരിഞ്ഞ് കിടക്കണം പോലും . ഓകെ . ഡൺ .തോരണങ്ങളൊക്കെ കെട്ടി കുഴലൊരെണ്ണം കയ്യിൽ തന്നു.
അനക്കം കേൾക്കുമ്പോൾ പ്രെസ്സ് ചെയ്യണം .
അപ്പൊ അതാണ് സംഗതി. ചുങ്കിടീടെ അനക്കം പിടിക്കാനാ . അത് കൊളളാം. ഞാൻ കോൺസെൻററേറ്റ് ചെയ്ത് കിടന്നു . ഇടയ്ക്ക് എൻറെ കാൽക്കൽ നിന്നൊരു ശബ്ദം . എത്രാമത്തെയാ . .. ?
പാർട്ണർ താത്തയാണ്.
ആദ്യത്തെ .
നിങ്ങടെ ആദ്യത്തേയാ
( ഒരു കൂട്ടായല്ലോ ) ?
മൂന്നാമത്തെ .
ഓ ( ഞാൻ മിണ്ടാതെ കിടന്നു )
മറ്റൊരാൾ വന്നു . ആകെ പരിഭ്രാന്തിയിലാണ്
ഷുഗറുണ്ടോ ?
പ്രെഷർ ..?
ഒക്കെ ഉണ്ട് ..ഉണ്ട്. കണ്ണ് നിറയുന്നുണ്ട്.
നല്ല തടി .. ഞാനൊന്നും ഒന്നുമല്ല എന്ന് തോന്നിപ്പോയി . അടുത്ത ദിവസം സിസ്സേറിയൻ ഫിക്സ് ചെയ്തെന്ന് പറഞ്ഞ് അവർ പോയി . ശ്ശോ പാവം . എനിക്കാ മുഖം കണ്ടപ്പോൾ വല്ലാത്ത വിഷമം .
ചുങ്കിടി അധികം ഇളകുന്നൊന്നുമില്ല . വിശ്രമത്തിലാണെന്ന് തോന്നുന്നു. എന്താ ഇങ്ങോട്ട് വരാനുദ്ദേശമില്ലേ ?
കുഴലും കുന്തവുമൊക്കെ സിസ്റ്റർ വാങ്ങി . ഒരു നീണ്ട കടലാസ്സിൽ ഗ്രാഫ് വന്നു . ലിസ്റ്റിൻറെ കൂടെ അതും ചേർന്നു.
പ്രിപ്പറേഷനെന്നും പറഞ്ഞ് ഒരു റൂമിൽ കയറ്റി . എന്താ സംഗതി .. ? ഡ്രെസ്സഴിക്കണം താഴെ ക്ലീൻ ആക്കാനാണ് . ഞാൻ പറഞ്ഞു ക്ലീൻ ആണ് . സിസ്റ്റർക്ക് വിശ്വാസമില്ല .
നാണിച്ചിട്ടൊന്നും കാര്യമില്ല . കുറച്ച് കഴിഞ്ഞാൽ കാണാം .
കൂടുതൽ പറയുന്നതിനു മുന്നെ ഞാൻ ഡ്രെസ്സ് മാറ്റി .
ആഹ്. ഇതെവിടുന്ന് ചെയ്തു… ?
വീട്ടിൽന്ന് .
എന്നാ ഓകെ . എടോ ഇത് ക്ലീനാടോ ( മറ്റൊരു സിസ്റ്ററിനോട് )
പാവം നിരാശയോടെ ബ്ലേഡും ഷേവിംഗ് സെറ്റുമായി പോയി .
വേഗം എണീറ്റ് പോയേക്കാം … ഞാൻ കരുതി . അപ്പോഴേക്കും ദാ സിസ്റ്റർ വീണ്ടും .
നിക്ക് നിക്ക് എണീറ്റോടണ്ട വയറിളക്കാൻ മരുന്ന് വെക്കണം .
വയറ്റിലൊന്നൂല്ല . ( അങ്കലാപ്പുകൊണ്ട് മൻഷ്യൻ ഒന്നും കഴിച്ചിട്ടില്ല. പിന്നെ എന്തോന്നിളക്കാൻ )
എന്നാലും വേണം .
ഓ ശരി. ഞാൻ അനങ്ങാതെ കിടന്നു.
മരുന്നങ്ങെത്തിയതും വയറ്റിനുള്ളിൽ തൃശൂർ പൂരം .ഞാനെണീറ്റോടി. ടോയ്ലറ്റുണ്ടോ എന്തോ ?
ആഹാ രണ്ടെണ്ണമുണ്ട് . ഒന്നിൽ ആളുമുണ്ട് . ഞാൻ മറ്റേത് സ്വന്താക്കി. ഒന്ന് രണ്ട് പ്രാവശ്യം കൊണ്ട് വയറ് ക്ലീൻ .
മെഡിക്കൽ കോളേജിലോ മറ്റോ ഒരൊറ്റ ടോയ്ലറ്റിന് ചുറ്റും വയറ് ക്ലീനാക്കാൻ വിട്ട ഗർഭിണികളെക്കുറിച്ചോർത്തു . ആരോ പറഞ്ഞ് കേട്ടതാണ് . ടോയ്ലറ്റാണ് സ്വർഗ്ഗം എന്ന് കരുതുന്ന ആ സമയത്ത് അതിൻറെ വാതിൽ തുറക്കാതിരുന്നാലുള്ള അവസ്ഥ എത്ര ഭീകരം .
ഇനി പ്രസവം കഴിയുന്നത് വരേക്കും ഒന്നും കഴിക്കാൻ പറ്റില്ലെന്ന് ഞാൻ കരുതി. വിശപ്പൊക്കെ ആവിയായി പോയിട്ടുണ്ട്. അതോണ്ട് ദുഃഖമൊന്നും തോന്നിയില്ല.
ഡോക്ടർ വന്നു. ആശ ഡോക്ടറാണ്. കേട്ടിട്ടുണ്ട്. ദാ ഇപ്പൊ കണ്ടു. മാത്രല്ല അറിഞ്ഞു. ആള് സ്ട്രോങ്ങാണ് . ഉള്ള് പരിശോധിച്ച ശേഷം ഡോക്ടർ ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു . സെർവിക്സൊക്കെ നല്ലതാ . വേഗം പ്രസവിച്ചാ കൊള്ളാം .കുട്ടി കുറച്ച് വെയിറ്റുള്ളത്കൊണ്ടേ…
എന്നാലും ആ വാക്കുകൾ എൻറെ കോൺഫിഡൻസ് ഗ്രാഫ് മുകളിലെത്തിച്ചു.
സെർവ്വിക്സ് നല്ലതാണെന്ന് . എന്നു വെച്ചാൽ അവിടുത്തെ മസ്സിൽസ് ഫ്ലെക്സിബിൾ ആണെന്ന് . എൻറെ എക്സസൈസ് ദൈവങ്ങളേ.. സ്ക്വാട്ടിങ്ങ് മുത്തപ്പാ നിങ്ങള് കാത്തു.
നമുക്ക് ഇന്ന് രാത്രി കൂടെ നോക്കാം . ചിലപ്പോ വേദന വരാൻ സാധ്യതയുണ്ട് . ഇല്ലെങ്കിൽ നാളെ രാവിലെ മരുന്ന് വെക്കാം .
ഡോക്ടറുടെ വിധി വന്നു. വീണ്ടും എൻറെ മനസ്സിൽ രണ്ട് ലഡ്ഡുപൊട്ടി . സിസ്സേറിയനും വേണ്ടാ . മരുന്നും വെക്കണ്ടാ..
നോർമൽ ..നോർമൽ. വെരി വെരി നോർമൽ.
റൂമിലെത്തിയപ്പോഴേക്കും വൈകുന്നേരമായി . രാവിലെ പത്ത് പത്തരയ്ക്ക് ലാബർ റൂമിൽ പോയതാ. ഉള്ളിലുളളവർക്ക് നേരം പോണതറിയില്ല . പക്ഷേ പുറത്ത് കാത്തിരിക്കുന്നവർ ! അവരെ സമ്മതിക്കണം . ഞാൻ നോക്കിയപ്പോൾ കുഞ്ഞേട്ടന് ഒറ്റ ദിവസം കൊണ്ട് നാല് വയസ്സ് കൂടി. അമ്മ ഇപ്പോ ഇവിടെ എന്നേം കൂടെ അഡ്മിറ്റാക്കണേ എന്ന് പറയണ പോലെ . ഉണ്ണിക്കുട്ടൻ ഫ്രഷ് ആൻറ് ഫ്രീക്കാണ് . അവനധികം നേരമായില്ല വന്നിട്ടെന്ന് തോന്നുന്നു. വളാഞ്ചേരിയിലെ അമ്മ ..കുഞ്ഞേട്ടൻറമ്മ ഉച്ചയ്ക്ക് ലാൻറ് ചെയ്തു. തൽക്കാലം ഓക്കെ ആണ്.
വി ഐ പി റൂമേ കിട്ടിയുള്ളൂ . ബാക്കി ഒക്കെ ഫുള്ളാണത്രേ . അടുത്ത ദിവസം മാറ്റാമെന്ന്. റൂമിൽ സെറ്റാവുന്ന ബഹളം കണ്ടാൽ തോന്നും . പുതിയ വീട്ടിലേക്ക് താമസം മാറാണെന്ന് . രണ്ടമ്മമാരും സോപ്പവിടെ…ബക്കറ്റിവിടെ… പുതപ്പെവിടെ … എന്നൊക്കെ പറഞ്ഞ് നല്ല മേളം. ഞാനൊന്ന് മേല് കഴുകി. കിട്ടിയ ഗ്യാപ്പിൽ മൂന്നാല് വട്ടം സ്ക്വാട്ടിങ്ങ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷം റൂമിനു പുറത്ത് ഉലാത്താനിറങ്ങി. അധികമാരുമില്ല ആ പരിസരത്ത് . തൊട്ടപ്പുറത്തെ റൂമിലും കൂടിയേ ആളുള്ളൂ. അവർ നോമ്പ് തുറന്നതിൻറെ തിരക്കിലാണ്.
വേദനയിപ്പൊ വരും ഞാൻ കരുതി. എന്തായിരിക്കും.. എങ്ങിനെയായിരിക്കും ഈ പ്രസവവേദനയെന്നതിൽ ആശങ്കയുണ്ട് . ഇടവിട്ട വേദനയെന്ന് വായിച്ചിരുന്നു. വേദന വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും ബ്രീതിങ്ങ് എക്സസൈസും ഓർത്തെടുത്തു . പക്ഷേ വേദന മാത്രം വന്നില്ല .

നേരത്തേ ഉറങ്ങി . നാളെ പ്രസവിക്കാനുള്ളതാണേ . ചുറ്റും വെളിച്ചമുണ്ട്.. ചോദ്യങ്ങളുണ്ട്..
ആവലാതികളുണ്ട്…
ആകാംക്ഷാ മുഖങ്ങളുണ്ട്…
പക്ഷേ പെട്ടെന്നുറങ്ങി.
അഞ്ച് മണിക്കലാറം മുഴങ്ങി . ബ്രഷിംഗ് ..കുളി…etc
“ദെത്ര നേരായിവൾ കേറീട്ട് . ഡ്യേ… ഇങ്ങടെറങ്ങ് . ഇയ്യെന്താവടെ കാട്ട്ണ് ? ”
അമ്മേ ഒരു രക്ഷയുമില്ല . സ്ക്വാട്ടിങ്ങാണമ്മേ സ്ക്വാട്ടിങ്ങ് . അമ്മയ്ക്കെന്ത് സ്ക്വാട്ടിങ്ങ് . ഇനി. ഇന്ന് രാവിലത്തെ വ്യായാമം കുറഞ്ഞേൻറെ പേരിൽ സിസ്സേറിയനാവാൻ ഞാൻ സമ്മതിക്കില്ലമ്മേ.. സമ്മതിക്കില്ല.
ഇത്രേം മനസ്സിൽ പറഞ്ഞ് ഞാൻ കുളിച്ചിറങ്ങി. എല്ലാവരും റെഡിയായി. ഞാൻ മുടിയൊക്കെ മെടഞ്ഞിട്ട് തയ്യാറാവുന്നത് കണ്ട് അമ്മ ചിരിച്ചു . താഴെയിറങ്ങും വഴി കുഞ്ഞേട്ടൻ ചോദിച്ചു
ടെൻഷനുണ്ടോ ?
ഊഹും.. ഇല്ല . ഞാൻ പറഞ്ഞു. ശരിക്കും റിലാക്സ്ഡ് ആയിരുന്നു . ആ ഒരു ദിവസം അതൊരു വേണ്ട ബ്രേക്ക് തന്നെ ആയിരുന്നു.

എല്ലാവരും പുറത്ത് നിന്ന് ഞാൻ മാത്രം അകത്ത് കയറുമ്പോൾ … ഒരു നേരിയ പരിഭ്രമം . എന്തോ വലിയ കാര്യത്തിനാണ് പോകുന്നത്. ഒന്ന് തിരിഞ്ഞ് നോക്കി . നേരെ നിൽക്കുന്ന രൂപങ്ങളെ കണ്ണിലേക്കെടുത്തു. കുഞ്ഞേട്ടൻ.. അമ്മമാര്.. ഉണ്ണി .. വേറേം ആളുകളുണ്ട് മുഖത്ത് പരിഭ്രാന്തിയും ആകാക്ഷയും നിറച്ച് ലേബർ റൂമിൻറെ വാതിൽ ഓരോ തവണ തുറക്കുന്നതും ഉറ്റുനോക്കി ..പ്രതീക്ഷയോടെ…ഭയത്തോടെ ഇരിക്കുന്നവർ..
നിൽക്കുന്നവർ..
ഇരിക്കാനും നിൽക്കാനും കഴിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവർ..
ഉള്ളിൽ അതിലും വലിയൊരു ലോകമായിരുന്നു . മരുന്ന് വെച്ച് നടക്കാൻ വിട്ടവർ… മരുന്ന് വെക്കാൻ ഡോക്ടറെ കാത്ത് കിടക്കുന്നവർ.. മരുന്ന് വെക്കപ്പെട്ടുകൊണ്ടിരിക്കുന്നവർ … വേദന വന്നവർ … വരാത്തവർ .. വേദനകൊണ്ട് പുളയുന്നവർ.. ചുമർ ചാരി നിൽക്കുന്നവർ.
പലർ ചേർന്ന് താങ്ങി നിർത്തപ്പെട്ടവർ… അങ്ങിനെയങ്ങിനെ ..
ഇതെന്തായിത്.. ഇത്ര രാവിലെയോ… ! രാത്രി വേദന വന്ന് കൊണ്ടു വന്നവരും … കുഞ്ഞിൻറെ അനക്കം ഇല്ലാത്തോണ്ട് വന്ന് നോക്കിയവരും .. ഫ്ലൂയിഡ് ലീക്കായതുകൊണ്ട് വരേണ്ടി വന്നവരും ഒക്കെയുണ്ട് . എന്നാൽ കൂടുതൽ പേരും മരുന്ന് വെച്ചവരോ വെക്കാനുള്ളവരോ ആയിരുന്നു . ശ്ശോ ഈ നാട്ടിൽ നോർമൽ ഡെലിവറിക്ക് ഇത്ര പഞ്ഞമോ ?
നേരത്തെ തന്നെ ഡോക്ടർ വന്ന് മരുന്നു വെച്ചു. ഈ മരുന്ന് വെക്കും മരുന്നു വെക്കും ന്ന് പറഞ്ഞത് ഒരിഞ്ചക്ഷനോ മറ്റോ ആയിരിക്കുമെന്നല്ലേ ഞാൻ കരുതിയത് . ഇതിങ്ങനെ ഗർഭപാത്രത്തിൻറെ മൂട്ടിൽ കൊണ്ടു പോയി തേക്കുന്ന സാധനാന്ന് ഞാൻ ഒരു ഞെട്ടലോടെ മനസ്സിലാക്കിയത് ഇപ്പോഴല്ലേ . നടന്നോളാൻ ഓർഡർ കിട്ടി . അത് പിന്നെ ഞാൻ നടക്കാൻ വിസില് കേൾക്കാൻ കാത്ത് നിൽക്കായിരുന്നല്ലോ . ചുറ്റും നടത്തക്കാരുണ്ടായിരുന്നത് കൊണ്ട് കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിച്ചു. അതിനിടയ്ക്ക് ഒരു പരിചിത മുഖം എതിരേ നടക്കുന്നു. ശാരി… മറ്റൊരു ശാരി. മർക്കസ്സ് സ്കൂളിൽ ഒരുമിച്ച് വർക്ക് ചെയ്തതാ. വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് നടന്നു . വലിയ വലിയ മാറ്റങ്ങൾ കൊണ്ട് തിരിച്ചറിയാൻ വൈകിയതായിരുന്നു ഞങ്ങൾ. മെലിഞ്ഞ് ഇല്ലിക്കോലു പോലിരുന്ന ശരീരങ്ങളിൽ സാരി ചുറ്റിക്കെട്ടി മർക്കസ്സിൻറ്റെ കോണി കയറിയിരുന്ന… മെസ്സിലിരുന്ന് ചോറും ബീഫ് കഴിച്ചിരുന്ന …ഇംഗ്ലീഷും ഫിസിക്സും പഠിപ്പിച്ച് കുട്ട്യോളെ വെറുപ്പിച്ചിരുന്ന രണ്ട് പേർ ഇതാ എടപ്പാൾ ഹോസ്പിറ്റലിൻറെ ലേബർ റൂമിൽ തടിച്ചു വീർത്ത് വയറുന്തിയ രണ്ട് നിഴലുകളായി മിണ്ടീം പറഞ്ഞും ഇടയ്ക്ക് വയറൊന്നമർത്തിയും ഒരുമിച്ച് നടന്ന് തളരുന്നു.

ഇടയ്ക്കിത്തിരി കഞ്ഞി കുടിച്ചു.
വേദന വരുമ്പോൾ സഹിക്കാനുള്ള ആരോഗ്യം വേണ്ടേ ല്ലെ ടീച്ചറേ..?
അമ്മ ശാരീടെ അമ്മയെ നോക്കി പറഞ്ഞു.
അതെ . കഞ്ഞി കുടിച്ചാൽ ക്ഷീണം ണ്ടാവില്ല. തൂക്കു പാത്രത്തിൻറെ അടപ്പിൽ ഇത്തിരി അച്ചാറ് പകർന്ന് തന്നുകൊണ്ട് ശാരീടെ ടീച്ചറമ്മ.
ശാരിക്ക് ചില ഭാവ വ്യത്യാസങ്ങളൊക്കെ കണ്ട് തുടങ്ങി . വേദനയുടെ ലാഞ്ചന .. അല്പം കഴിഞ്ഞപ്പോൾ എനിക്കും . ന്നാലും വിട്ടില്ല കാല് വലിച്ച് വെച്ച് ആഞ്ഞ് നടന്നു. ചിലർ ഇടയ്ക്കിടയ്ക്കിരിക്കുന്നു. ചാരി നിൽക്കുന്നു. വയറമർത്തി കരയുന്നു. ഉള്ളിലെ യഥാർത്ഥ പ്രസവമുറിയിലേക്ക് ആരൊക്കെയോ കൊണ്ടു പോകുന്നു ..ആയിട്ടില്ലാ ന്ന് പറഞ്ഞ് വീണ്ടും നടക്കാൻ പുറത്താക്കപ്പെടുന്നു. ഒരു കുട്ടി മൂന്നോ നാലോ തവണ ഇത് പോലെ യാത്ര ചെയ്ത് ഞാനീ നടത്ത മുറിയിൽ തന്നെ പ്രസവിച്ചോളാമെന്ന മട്ടിൽ ഒറ്റക്കിടത്തം.
ഓരോ വേദന വരുമ്പോഴും ഇതല്ല ഇതിലും വലുതായിരിക്കണം പ്രസവ വേദന എന്ന് ഞാൻ മനസ്സിലോർത്തു. ശ്വാസം വലിച്ചു വിട്ടു. ചുങ്കിടിക്കുഞ്ഞിനെയോർത്തു.
ഒന്നിരുന്നോ … അമ്മ പറഞ്ഞു.
ഒന്ന് പോയേ .. പ്രലോഭിപ്പിക്കാതെ മൂരാച്ചിയമ്മേ. ഇരുന്നാൽ സിസ്സേറിയനായാൽ …ഹാ… ഞാൻ നടക്കും. നടന്ന് നടന്ന് പ്രസവിക്കും .

മനസ്സിൽ പറഞ്ഞത് അമ്മ കേട്ടോ ?
ന്നാ നടന്നോ … ഒരൊഴുക്കൻ മട്ടിൽ.
പണ്ടമ്മ പറയാറുണ്ട് ഒരു മുറിവായാൽ ചീറി പൊളിക്കുന്ന നീയൊക്കെ ഒന്ന് പെറേണ്ടി വന്നാൽ ചുമരിമ്മേൽ കേറോ …ന്ന് .
ദാ കണ്ടോളൂ കണ്ടോളൂ .. ചുമരിനെ ഒന്ന് തൊടുക പോലും ചെയ്യാതെ ഞാൻ പ്രസവത്തിലേക്ക് നടന്നടുക്കുന്നത്. ആഹ്ലാദിപ്പിൻ.. ആഹ്ലാദിപ്പിൻ.
കേരളാ ഫയർ ഫോഴ്സിനും പ്രിയ്യപ്പെട്ട നാട്ടുകാർക്കും…
യ്യോ …
ഒരൊന്നൊന്നര വേദന.
കണ്ണ് മേലോട്ട് പോണ കണ്ട് അമ്മ വന്ന് പിടിച്ചു.
ഇവിടിരിക്ക്.
ഞാൻ വൺ ടൂ ത്രീ ഒരു ഡീപ്പ് ബ്രീത്.
വിട്ടേ വിട്ടേ.. നടക്കട്ടേ. വണ്ടി വീണ്ടും മുന്നോട്ട് .
പതിനൊന്ന് മണിക്ക് ഡോക്ടർ വരുമെന്ന് പറഞ്ഞിരുന്നു. കൃത്യം പതിനൊന്ന് മണിക്ക് . അകത്ത് ന്ന് വിളി വന്നു.
അശ്വനീ..
വേച്ച് വേച്ച് ഉള്ളിലേക്ക് . വേദനയുടെ സുഖം കൊണ്ട് കട്ടിലിലെത്തിയത് അറിഞ്ഞതേയില്ല . കണ്ണടച്ച് കിടന്നു . ഡോക്ടർ വരട്ടേ . പതിനൊന്നേ കാലായി . വലിയ ക്ലോക്കാ.. ഡോക്ടറിതെവിടെ…
സിസ്റ്റർ … ഡോക്ടർ വരുന്ന വരെ ഞാൻ പോയി നടക്കട്ടേ ? സിസ്റ്റർമാരെല്ലാം എന്തോ അപരാധം കേട്ടപോലെ . അവിടെ കിടക്കെടോ.. ഡോക്ടറിപ്പോൾ വരും .
ശാരി അപ്പുറത്തെ ബെഡ്ഡിൽ.. വേദനിച്ച് പുളയുന്നു. അനന്ത നാരായണൻ ഡോക്ടർ . സമാധാനിപ്പിക്കുന്നൊക്കെയുണ്ട്. ചെറിയ വലിയ കരച്ചിലുകൾ.
ശ്രമങ്ങൾ . ഫ്ലൂയിഡ് തീരെ ഇല്ലാ … പ്രസവം നടക്കാൻ പ്രയാസം .
സിസ്സേറിയൻ ! ശാരിയുടെ കരച്ചിൽ നിലച്ചു.. എങ്ങോട്ട് കൊണ്ടു പോയവളെ.. കാണാനില്ല .
പതിനൊന്നര. രണ്ടാമത്തെ ശാരിയും സിസ്സേറിയന് കീഴടങ്ങുന്നത് കണ്ട് എൻറെ… നാഡി ഞെരമ്പ് വലിഞ്ഞു മുറുകണ് പേശികളൊക്കെ .. ഉരുണ്ട് കയറ്ണ്..
അങ്ങിനെയെന്തൊക്കെയോ …
ഞാൻ പതുക്കെ കട്ടിലിൽ നിന്നെണീറ്റു . ശ്രദ്ധിച്ചില്ലേൽ കട്ടിലിന് തലപ്പത്തെ വലിയ പൊത്തിലൂടെ ഞാൻ താഴെ വീണാലോ .. എണീറ്റ് വാതിൽക്കലെത്തി . ആരും ശ്രദ്ധിക്കുന്നൊന്നുമില്ല. എന്നാലും നമുക്കൊരു മര്യാദയില്ലേ .
സിസ്റ്റർ ; ഞാൻ പുറത്ത് നടക്കുന്നുണ്ട് . ഡോക്ടർ വന്നാൽ വിളിച്ചാൽ മതി . അവരുടെ ചിരി കാണാതെ ഞാൻ പുറത്തെത്തി . അമ്മ ഓടി വരുന്നു . ഞാൻ പ്രസവിച്ചയുടനെ എണീറ്റ് പോന്നതാണെന്ന് കരുതിക്കാണും . പാവം .
ഡോക്ടർ വന്നില്ല.
ഹാ . അമ്മ ശ്വാസം വിട്ടു .

കുറച്ചൂടെയങ്ങ് നടന്നു. ഇനിയെങ്ങാനും ഇത് സിസ്സേറിയനായാൽ എൻറെ വിധം മാറും . ആരോടെന്നില്ലാതെ ഞാൻ .
വേദനയുടെ ഏതോ യാമത്തിൽ ഡോക്ടർ വന്നെന്ന് പറഞ്ഞ് ഒരു സിസ്റ്റർ കൂട്ടാൻ വന്നു.
വീണ്ടും ഓട്ടക്കട്ടിലിൽ മലർന്ന് കിടന്നു. കാല് മുകളിലോട്ട് . ഡോക്ടറുടെ കൈ ഉള്ളിലോട്ട് .
പ്ലും .
ഡോക്ടർ പണി പറ്റിച്ചു. ഫ്ലൂയിഡ് പൊട്ടിച്ചു . മുന്നീർകുടം പൊട്ടുന്നതിനെപ്പറ്റി വായിച്ചിരുന്നു. ഇതിങ്ങനെ പൊട്ടിച്ച് കളിക്കുന്നത് ഇവിടെ വന്നപ്പോഴാ കണ്ടത് . നടത്തക്കാരിൽ ചിലർ നടക്കുന്ന വഴിക്ക് നിലം നനക്കുന്നത് കണ്ട് മനസ്സിലാക്കിയതാണ്. ഇനി ഞാനും നനഞ്ഞൊലിച്ച് ആ വഴി നടന്ന് നനക്കണോ… ഡോക്ടർ അപ്രത്യക്ഷയായി. സിസ്റ്റർ ഒരു നീല യൂനിഫോമുമായി വന്നു . ഡ്രെസ് മാറ്റി സുന്ദരിയായ ഞാൻ ബാത്റൂമിൽ നിന്ന് തലയിട്ട് ചോദിച്ചു. ഇനിയും നടക്കാനാണോ ? അല്ല ഇനി ഉള്ളിൽ പോയി കിടക്കണം .
അയ് വാ ..അത് കൊള്ളാം . നടക്കാൻ പോയിട്ട് കിടക്കാൻ പോലും വയ്യാത്ത പാവം ഞാൻ വീണ്ടും കട്ടിലിൽ .
മലർന്ന് കിടന്ന് ചുറ്റും നോക്കി . പല പല ശബ്ദങ്ങൾ . ഞെരക്കങ്ങൾ . ഡോക്ടർ തൊട്ടടുത്ത കട്ടിലിൽ . ഡീ എൻസിയോ മറ്റോ ആണ് . ആ ചേച്ചി കലിപ്പിലാണ് .
ചേച്ചി : അയ്യോ … വേണ്ട.
ഡോക്ടർ : എന്ത് ..?
ചേ : വയറ് വേദനിക്ക്ണൂ.
ഡോ : ഏ..അതിന് ഞാൻ തൻറെ വയറ്റത്തൊന്നും ചെയ്തില്ലല്ലോ.
ചേ : ഹാആആആ
ഡോ : എത്ര മക്കളാ.. വീടെവിടാ..
ദാ കഴിഞ്ഞു .
ചേ : ഹൂ..
ഡോ : കഴിഞ്ഞെടോ.

എന്തോ സംഭവിച്ചു . വേണേൽ എനിക്ക് നോക്കിയാൽ കാണായിരുന്നു . ഞാൻ നോക്കാൻ പോയില്ല. വെറുതെ പേടിച്ച് പ്രഷറ് കൂട്ടണ്ടല്ലോ .
സ്വന്തം വേദന തന്നെ സഹിക്കാൻ പറ്റാത്തപ്പോഴാ .. ആരാൻറെ വേദന..
നഴ്സ് മാർ ഓരൊരുത്തരായി വന്ന് എന്തൊക്കെയോ ചെയ്തു . ഗ്ലൂക്കോസിടുന്നു . മൂത്രം കുത്തിയെടുത്തോണ്ട് പോകുന്നു. വയറൊക്കെ പരിശോധിക്കുന്നു . മുറുമുറുക്കുന്നു . കുശുകുശുക്കുന്നു .
വലിയതും ചെറിയതുമായ വേദനകൾ . ഞാൻ ശ്വാസം പതുക്കെയെടുത്ത് വേദനയ്ക്കൊപ്പം അയച്ച്…. കൂളിറ്റ്… കൂളിറ്റ് . എവരിതിങ്ങ് വിൽ ബീ ഫൈൻ സൂൺ . ആം ഗോയിങ്ങ് ടൂ ബീ ഏ മതർ . കൂളിറ്റ് .
ഒന്നുറങ്ങിയെണീറ്റോ . എന്നിട്ടൊക്കെയേ പ്രസവം ഉണ്ടാവൂ . മയങ്ങാൻ മരുന്ന് വെച്ചിട്ടുണ്ട് .
മാലാഖ പോലൊരു നഴ്സ് കണ്ണിൽ വന്ന് മങ്ങി മങ്ങി പോയി .മയക്കത്തിലേക്ക്.
കണ്ണടച്ചപ്പോഴേക്കും ആകെ ബഹളം . ചുറ്റും സിസ്റ്റർമാർ .
ദാ പറയുന്നു . കുട്ടി ഇറങ്ങി വന്നിട്ടുണ്ട് ട്ടാ . താൻ ശ്രമിച്ചാൽ മാത്രം മതി .
ങേ ?
അപ്പൊ ഡോക്ടറെവിടെ ? ടാക്സി വിളിയെടോ ..
എന്ത് . ആരാ പ്പൊ പടക്കം പൊട്ടിച്ചേ .. ഇന്നെന്താ വിഷുവാ ?
മയക്കം വിട്ടു മാറുന്നില്ല. ഞാനിപ്പൊ കണ്ണടച്ചല്ലേ ഉള്ളൂ . അതോ കുറേ നേരായോ ? കുഞ്ഞിറങ്ങി വന്നെന്നല്ലേ പറഞ്ഞേ .
ഞാൻ ശ്രമിക്കണം . അതെ ആഞ്ഞൊന്ന് തള്ളി നോക്കി . തല കിറുങ്ങി പോകുന്നു . കാലുറക്കുന്നില്ല . വീറയ്ക്കുന്നു .
നന്നായൊന്ന് മുക്കി നോക്ക് ട്ടാ …
ഇടയ്ക്കൊരു സിസ്റ്റർ വരും .
സിസ്റ്ററേ എനിക്ക് ബലം കിട്ടുന്നില്ല. കാല് തളരുന്നു . മുറിഞ്ഞ ശബ്ദത്തിൽ .
എന്നാവിടെ കിടന്നോ .. എടോ കുട്ടി നന്നായിറങ്ങീട്ട്ണ്ട് . ഇയാളൊന്ന് ശ്രമിച്ചാൽ മതി . പ്രസവിക്കണ്ടേ ..? വേണ്ടെങ്കിൽ അവിടെ തളർന്ന് കിടന്നോ ..
വേണം വേണം .. എൻറെ ചുങ്കിടിയെ കാണണം . വായിച്ചതോർമ്മ വന്നു . എല്ലാവരും അമ്മയുടെ ലാബർ പെയ്ൻ മാത്രം കാണുമ്പോൾ കാണാതെ പോകുന്ന ഒന്നാണ് കുഞ്ഞിൻറ്റെ വേദന . പുറത്ത് വരാനായി അത് കാണിക്കുന്ന ശ്രമങ്ങൾ . പലപ്പോഴും നമ്മളോർക്കുന്നില്ല കുഞ്ഞിൻറെ ലേബർ.

ഇവിടെയിപ്പോ കുഞ്ഞ് താഴെ വന്നിരിക്കുന്നു . ഞാൻ ..ഞാനാണിനി ശ്രമിക്കേണ്ടത് . വേദനകൊണ്ട് തളർന്നെങ്കിലും …. ദാ ഇത് കഴിഞ്ഞാൽ പിന്നെ ..ഞാനും കുഞ്ഞേട്ടനും ഞങ്ങടെ കുഞ്ഞും …
അമ്മേ …എന്നിടയ്ക്കൊന്നു വിളിച്ചു . ചുറ്റുമുള്ള കട്ടിലുകളിൽ നിന്നും അമ്മയും ഉമ്മയും ഭഗവാനും പടച്ചോനും പൊങ്ങി വരുന്നു .
ഡോക്ടർ വന്നു . എന്നെ എന്തൊക്കെയോ ചെയ്യുന്നുണ്ട് .. മുള്ളെടുക്കാൻ കാല് നീട്ടി വച്ച് പച്ചില നോക്കി കിടക്കുന്ന കുട്ടിയെ പോലെ ഞാൻ മുന്നോട്ട് നോക്കാതെ കിടന്നു .. വേദന വന്നപ്പോൾ ഇടയ്ക്ക് ഞെരങ്ങി … മയക്കത്തിൽ കണ്ടു സിസ്റ്റർമാരെ.. ആശ ഡോക്ടറെ .. ഗോപി സാറിനെ … ഒന്നുറക്കെ ഞെരങ്ങേണ്ടി വന്നു .
ഛെ ..! ആശ ഡോക്ടർ തുറിച്ച് നോക്കിയതോർമ്മയുണ്ട്. പിന്നെ എൻറെ ശബ്ദം പൊങ്ങിയില്ല.
ചുങ്കിടീ എന്ന് ഉള്ളിൽ വിളിച്ച് സർവ്വ ശക്തിയുമെടുത്തൊന്ന് പ്രെസ്സ് ചെയ്തു . …
മയക്കം വരുന്നു. കണ്ണടയുന്നു.
ആരാ പ്ലാസൻറ വാങ്ങാൻ റെഡിയാവുന്നത് . ആശ ഡോക്ടറുടെ ചോദ്യം .
ഞാൻ … ഏതോ സിസ്റ്റർ .
അപ്പോ…കഴിഞ്ഞു.
ചുങ്കിടി പുറത്തെത്തിയത് ഞാനറിഞ്ഞില്ല. പ്ലാസൻറയിലെത്തി കാര്യങ്ങൾ . ഞാനൊരു നീണ്ട ശ്വാസം വിട്ടു .
ദാ . അശ്വനി …ആൺകുഞ്ഞാണ് . ഒരുമ്മ കൊടുത്തോ .
സിസ്റ്ററുടെ കയ്യിൽ ചുങ്കിടി . ആൺകുഞ്ഞോ .. ! മയക്കത്തിലും ഞാനൊന്ന് പ്ലിങ്ങി . ഉമ്മ വെച്ചത് കുഞ്ഞിനെയാണോ സിസ്റ്ററുടെ കയ്യിലാണോ എന്ന് പോലും അറിഞ്ഞില്ല .
പിന്നെ കുഞ്ഞിനെ കണ്ടില്ല . വേദനയുടെ മറ്റൊരു തരം താഴേന്ന് പടർന്നു . നീറുന്നു . ആരോ കുത്തിപ്പറിക്കുന്നു താഴെ . മുറിവ് തുന്നുന്നതാണ് . വേദനകൊണ്ട് പുളഞ്ഞപ്പോൾ തുന്നുന്ന രൂപങ്ങളെ ചവിട്ടിത്തെറിപ്പിക്കാൻ വരെ തോന്നി . അപ്പോഴൊക്കെയും ദാ കഴിഞ്ഞു…ദാ കഴിഞ്ഞു എന്ന് മാത്രം അവർ പറഞ്ഞു .
തുന്നിക്കൂട്ടി തുണിവെച്ച് പാക്ക് ചെയ്ത് ഞാൻ പുറത്തെ റൂമിലെത്തി . നടത്തക്കാരെയൊന്നും കാണാനില്ല .
ഒരുത്തി കുഞ്ഞുമായി തൊട്ടപ്പുറത്ത് .
ചുങ്കിടിയേം കൊണ്ട് അമ്മ വന്നു. അതൊരു പൂച്ചക്കുഞ്ഞിനെപോലെ ങീ ങീ ന്ന് കരഞ്ഞുകൊണ്ടിരുന്നു. എൻറെ അടുത്ത് കിടത്തിയപ്പോൾ അത് പിടഞ്ഞുകൊണ്ടിരുന്നു. വായിൽ വിരലിട്ട് കരഞ്ഞു .
കുഞ്ഞിന് പാല് കൊടുക്കണം . ആദ്യമായിട്ടെങ്കിലും അറിവുള്ള അമ്മയെ പോലെ അവനെ മാറോട് ചേർത്തു. അവൻ ചുണ്ടൊന്ന് ചേർത്ത് വലിച്ചു . ഭയന്ന് പിൻമാറി പിടഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു.
അശ്വനി മൂത്രമൊഴിച്ചോ ? മൂത്രമൊഴിച്ചാൽ ഇവിടെന്ന് റൂമിലേക്ക് പോവാം .
സിസ്റ്റർ പറഞ്ഞപ്പോൾ ഞാനതിശയിച്ചു. മൂത്രമൊഴിക്കുന്നതിത്ര വലിയ കാര്യമായോ .. !
ടോയ്ലറ്റിൽ കയറിയപ്പോൾ മനസ്സിലായി നീറുന്ന വേദനക്കൂട്ടിൽ നിന്നിറ്റിവീണ നാല് തുള്ളിയുടെ വില .
റൂമിലെത്തി. ചുറ്റും സ്നേഹ മുഖങ്ങൾ . കുഞ്ഞെൻറെ അരികിൽ കിടന്നു ചിണുങ്ങി . കുഞ്ഞേട്ടൻ വന്നൊന്ന് ചിരിച്ചു .
ദേ നമ്മുടെ ചുങ്കിടി എന്ന് കണ്ണുകൾകൊണ്ട് പറഞ്ഞതിനെ ഉമ്മ വെച്ചു .
പെണ്ണായില്ല കുഞ്ഞേട്ടാ . ഞാൻ പതുക്കെ പറഞ്ഞു .
സാരല്ല്യ ആണായാലും നമ്മുടെ ചുങ്കിടിയല്ലേ കുഞ്ഞേട്ടനവനെ ചേർത്ത് പിടിച്ച് ഒന്നൂടെ ഉമ്മ വെച്ചു .
ഞാനപ്പോഴാണവനെ ശരിക്ക് നോക്കുന്നത് . ഒരു റോസ് ചുങ്കിടി . കുഞ്ഞിക്കണ്ണ് ..കുഞ്ഞിച്ചുണ്ട് . ചുരുണ്ട കൈകാലുകൾ .
മേലോട്ട് നോക്കി വാ തുറന്നങ്ങിനെ. ഞങ്ങടെ പ്രാണൻറെ പാതി .
പാല് കുടിക്കാനാവാതെ അവൻ കരഞ്ഞുകൊണ്ടിരുന്നു . പിന്നീട് രണ്ടാഴ്ചയോളം അവനെ പാല് കുടിപ്പിക്കാൻ എല്ലാവരും ബുദ്ധിമുട്ടി. പിഴിഞ്ഞെടുത്തും സിറിഞ്ചുകൊണ്ട് വലിച്ചും ഞാൻ കുറേ വേദന കൂടി തിന്നെങ്കിലും അവൻറെ വിശപ്പിന് മുന്നിൽ എല്ലാം എളുപ്പം മറന്നു.
കുഞ്ഞിനെ കാണാൻ പലരും വന്നും പോയും കൊണ്ടിരുന്നു. പ്രിയ്യപ്പെട്ടവർ പലരും ഫോൺ ചെയ്ത് വിശേഷങ്ങളന്വേഷിച്ചു. സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ . ഈ ദിവസങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരാത്തത് എടപ്പാൾ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഒക്കെയാണ്.പ്രത്യേകിച്ച് ഗോപിനാഥൻ സാറിനും ആശ ഡോക്ടർക്കും പിന്നെ രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സിസ്റ്റേഴ്സിനും .ആരേം കൂടുതൽ പരിചയപ്പെട്ടിട്ടില്ല . ദൈവവും മാലാഖമാരുമൊക്കെ ഭൂമിയിൽ തന്നെയാണെന്നല്ലേ അവർ കാണിച്ചു തന്നത്. ഈ കൂട്ടത്തിൽ രഘുവിനെക്കൂടി ഓർക്കേണ്ടതെങ്കിലും സൗഹൃദത്തിന്നാഴങ്ങളിൽ നന്ദിവാക്കിനിടമില്ലെന്ന് ഉള്ളിലാരോ പറയുന്നു .
കുഞ്ഞേട്ടന് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. കുഞ്ഞിനെ എങ്ങിനെ എടുക്കുമെന്ന് പോലുമറിയാതെ തൊട്ടു നോക്കി മാറി നിൽക്കുന്ന ടിപ്പിക്കൽ അച്ഛൻമാരിൽ നിന്ന് മാറി ഒരു യഥാർത്ഥ അച്ഛനായി . ആദ്യ ദിവസം തന്നെ കുഞ്ഞാഞ്ഞയെ എടുക്കുന്നു … അവന് പാല് കൊടുക്കാൻ സഹായിക്കുന്നു… ചീച്ചീം അപ്പീം വൃത്തിയാക്കുന്നു … ഒരു വലിയ മുണ്ടെടുത്ത് കീറി ഡയപ്പർ കെട്ടുന്നതെങ്ങിനെയെന്ന് അമ്മമാർക്ക് കാണിച്ചു കൊടുക്കുന്നു .. പാല് കൊടുത്ത ശേഷം വളരെ പ്രൊഫഷണൽ ആയി കുഞ്ഞിൻറെ ഗ്യാസ് തട്ടിക്കളയുന്നു . അമ്മമാർ അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുമ്പോൾ എനിക്ക് ഭക്ഷണം എടുത്ത് തരുന്നു .. മുടി വേറെടുത്ത് കെട്ടിത്തരുന്നു.. പലതിനും വേണ്ടി ഓടി നടക്കുന്നു. ഒപ്പം ഉണ്ണിയും .
ഒരാഴ്ച് കഴിഞ്ഞാണ് ഡിസ്ചാർജ്ജായത് . കുഞ്ഞാഞ്ഞയ്ക്ക് മഞ്ഞ. ലൈറ്റിന് കീഴേ കിടത്തി . ഫോട്ടോ തെറാപ്പി. പാല് നേരിട്ട് കുടിക്കാത്തോണ്ട് ഇടയ്ക്ക് NICU . ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി സെറ്റിലാവാൻ പിന്നേം സമയമെടുത്തു. കാലം എത്രയൊക്കെ മുന്നോട്ട് പോയിട്ടും പ്രസവത്തിൻറെ അയിത്തോം തീണ്ടലും പറയുന്ന വീട്ടുകാരുടെ കൺമുന്നിലൂടെ കുഞ്ഞേട്ടൻ ഞങ്ങളുടെ മുറിയിലേക്ക് കടന്നു വന്നു . ഞാനിവിടെ കിടന്നോളാം . അമ്മമാർ രണ്ടും മിണ്ടാണ്ട് പോയി കിടന്നുറങ്ങിയ രാത്രികളിൽ കുഞ്ഞാഞ്ഞയെ എടുത്തും .. പാൽ കൊടുക്കാൻസഹായിച്ചും.. സ്റ്റിച്ച് വേദനിച്ച് അമർന്നിരിക്കാൻ പോലും പറ്റാതിരുന്നപ്പോഴൊക്കെ എന്നെ ആശ്വസിപ്പിച്ചും.. അവൻ ഉറങ്ങാതിരുന്ന രാത്രികളിൽ അവനെ എടുത്തിരുന്നും . . നീയുറങ്ങിക്കോ എന്ന് എന്നോട് പറഞ്ഞ് അവനെ തൊട്ടിലിലാട്ടിയുറക്കിയും അച്ഛനാണ് ഞാനെന്ന് വീണ്ടും വീണ്ടും പറഞ്ഞു. അമ്മത്താരാട്ടുകളേക്കാൾ അച്ഛൻ താരാട്ട് കേട്ട് കുഞ്ഞാഞ്ഞ വളർന്നു. അവനും അവനൊപ്പം നേടിയ ഓർമ്മകൾക്കും ഒരു വയസ്സായിരിക്കുന്നു . പ്രസവം ഒരു സംഭവമാണെന്നോ മാതൃത്വം അതി മഹത്തരമാണെന്നോ അഭിപ്രായമില്ല. മാതൃത്വത്തെ മഹനീയമാക്കി കുഞ്ഞിൻറെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന പിതൃത്വമാണ് മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് . ഒരു പെണ്ണ് ശരീരം കൊണ്ട് ഒന്ന് പ്രസവിക്കുന്ന സമയം കൊണ്ട് കൂടെയുള്ള ഭർത്താവും വീട്ടുകാരും ഒന്നിലേറെ തവണ പെറ്റിട്ടിരിക്കും മനസ്സിൽ ഗർഭം ധരിച്ച ആധിയുടെ കുഞ്ഞുങ്ങളെ . സർവ്വ ജീവജാലങ്ങളിലും സാധാരണവും സ്വാഭാവികവുമായി നടക്കുന്ന ഒന്നിനെ നാം മനുഷ്യരെത്രയോ ജാഗ്രതയോടെ നോക്കിക്കാണുന്നു . ഓരോ ഘട്ടത്തിലൂടെ ജീവിതം കടന്ന് പോകുമ്പോഴും പുതിയ പുതീയ പാഠങ്ങൾ നാമോരോരുത്തരും പഠിക്കുന്നു . ഗർഭകാലവും.. പ്രസവവും .. വേദനകളും ..ഉറക്കമില്ലാത്ത രാത്രികളും നമ്മെ ഓർമ്മപ്പെടുത്തുന്നത് നമ്മുടെ മാതാപിതാക്കളെ കുറിച്ചാണ് .. അമ്മേ എന്ന് വിളിക്കാതെ പെറ്റിടാനാവില്ല നോവിൽ കുതിർന്ന ഒരു കുഞ്ഞിനേയും . പ്രസവം ഒരോർമ്മപ്പെടുത്തലാണ് . ചിലർക്ക് ചിലതിനെക്കുറിച്ചുള്ള ഉറക്കെയുറക്കെയുള്ള ഓർമ്മപ്പെടുത്തൽ പെറ്റമ്മയെ തള്ളിപ്പറയുന്നവരേയും .. അച്ഛനമ്മാരെ അനാഥാലയത്തിലയക്കുന്നവരേയും… പെണ്ണിനെ വെറും കാമം ശമിപ്പിക്കാനുള്ള ഉപാധിയായി മാത്രം കാണുന്നവനേയും .. പെണ്ണായി പിറന്നിട്ടും പെണ്ണിനെ അറിയാത്തവളേയും …ഒരു ദിവസത്തേക്ക് തടവിലിടണം ഒരു ലേബർ റൂമിൽ .
ഞെരക്കങ്ങളിൽ നിന്ന് … അലർച്ചകളിൽ നിന്ന്…പരിഭ്രാന്തികളിൽ നിന്ന് … അടക്കിപ്പിടിച്ച തേങ്ങലുകളിൽ നിന്ന്… രക്ത ചൊരിച്ചിലുകളിൽ നിന്ന് … ചോരത്തുണികളിൽ നിന്ന്… ജനനങ്ങളിൽ നിന്ന് …മരണങ്ങളിൽ നിന്ന്.. അവർ ജീവിതം പഠിക്കട്ടെ …